Wednesday 15 August 2012

കഥാകൃത്ത്‌ പെണ്ണുങ്ങളെ നോക്കിക്കാണുന്ന വിധം


അങ്ങകലെ ഏകാന്തതയുടെ തുരുത്തില്‍ ഒരു മഴവില്ല്‌ ഒളിച്ചിരുന്നു. ഇടയന്മാരുടെ വേണുഗാനം തിന്ന്‌ അവള്‍ സൂര്യനെ മോഹിപ്പിക്കാനുള്ള വിദ്യ പഠിച്ചു. സ്വപ്‌നങ്ങള്‍ സൂക്ഷിച്ച പുരികങ്ങളില്‍ ഒട്ടിപ്പിടിച്ച അരിപ്പൊടി ശ്യാമളയുടെ കാഴ്‌ചകളെ മറയ്‌ക്കുന്നത്‌പോലെ അവള്‍ക്കുതോന്നി. അടുക്കളയുടെ ജാലകത്തിനപ്പുറം ഒരിക്കലും തെളിഞ്ഞിട്ടില്ലാത്ത നാളെകള്‍ മാത്രമായപ്പോള്‍ ശ്യാമ സൂര്യനെ മോഹിപ്പിക്കുന്ന വിദ്യമറന്നു പോയി. അടുപ്പില്‍ എരിയുന്ന സൂര്യനെ സൂക്ഷ്‌മാവസ്ഥയിലേയ്‌ക്ക്‌ മാറ്റിയെടുത്ത്‌ ഗ്യാസടുപ്പിലേയ്‌ക്ക്‌ കുടിയിരുത്തിയെങ്കിലും ഒരിക്കലും തന്റെ പ്രണയത്തെ സൂര്യന്‍ തിരിച്ചു തന്നില്ലെന്ന സങ്കടം ശ്യാമയുടെ കണ്‍തടങ്ങളില്‍ കറുത്തപാടുകള്‍ സൃഷ്‌ടിച്ചു. കണ്‍തടങ്ങളെ നിഴലുകള്‍ സ്‌പര്‍ശിക്കുന്നതിനും എത്രയോ മുന്‍പ്‌ നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ പ്രണയത്തിന്റെ പുലരിയില്‍ ഒഴുകിവന്ന ശിവഗംഗയില്‍ അവള്‍ മുങ്ങിക്കുളിച്ചു. ഏഴുവര്‍ണ്ണങ്ങളും അലിഞ്ഞ്‌ ചേര്‍ന്ന തെളിനീര്‌ കുടിച്ച്‌ ശ്യാമ മഴവില്ലിനെ ഉദരത്തില്‍പേറി.
ഏകാന്തതയുടെ പിന്നീടുള്ള നാളുകളില്‍ വഴിതെറ്റിവന്ന കാറ്റുകളില്‍ സിരകളെ തീ പിടിപ്പിക്കുന്ന ഉന്മാദം നുരഞ്ഞ്‌ പൊന്തുന്നു എന്ന തിരിച്ചറിവില്‍ ശ്യാമ വല്ലാതെ ഉള്‍വലിഞ്ഞു. മൊബൈലിന്റെ നനുത്ത സാന്ത്വനത്തില്‍ അങ്ങനെ അവള്‍ ഒളിച്ചിരിക്കാന്‍ തുടങ്ങി. അറിയാത്ത നമ്പറിലേയ്‌ക്ക്‌ മിസ്സ്‌ഡ്‌ കോള്‍ അടിച്ച്‌ അവള്‍ കാത്തിരുന്നു. പൂക്കളുടെ ഗന്ധം തനിക്കേകാന്‍ വരുന്ന കാമുകന്‍ കാറ്റിനെ പ്രതീക്ഷിച്ചുക്കൊണ്ട്‌ ശ്യാമ എച്ചില്‍പാത്രങ്ങള്‍ കഴുകി വെടിപ്പാക്കി സ്റ്റാന്റില്‍ തൂക്കി. വെള്ളത്തില്‍ മുക്കിയെടുത്ത അവളുടെ വിരലുകള്‍ ശവശരീരത്തിന്റെ ചുണ്ടുപോലെ കാണപ്പെട്ടു.
ഇസ്‌തിരിപ്പെട്ടി ശ്യാമയ്‌ക്ക്‌ ഇഷ്‌ടമല്ല. അലക്കി തേച്ച്‌ വടിപോലെ വെച്ച മനുഷ്യരേയും - ഭര്‍ത്താവിന്റെ വസ്‌ത്രങ്ങളുടെ ചുളിവ്‌ നിവര്‍ത്തിക്കൊണ്ട്‌ വളരെ കാല്‌പനികമെന്ന്‌ തോന്നിക്കുന്ന ഉപമാവസ്ഥയെ നിര്‍വ്വചിച്ചെടുക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു അവള്‍. കുപ്പായം കരിഞ്ഞ മണവും വെട്ടിത്തിളങ്ങുന്ന ചൂടുകാറ്റും ശരീരത്തെ ഉണര്‍ത്തി.
അയ്യോ ഷര്‍ട്ട്‌ കരിഞ്ഞു.
എന്ന സ്ഥിരം സംഭാഷണം ഉരുവിട്ടുകൊണ്ട്‌ ശ്യാമ വീണ്ടും അസംതൃപ്‌തിയുടെ കൊടുമുടികള്‍ കയറി. ഇങ്ങനെയൊക്കായാണ്‌ തന്റെ നായിക ചിന്തിക്കുന്നതെന്ന്‌ എഴുതിവെച്ച ശേഷം എഴുത്തുകാര്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.
**********
ശ്യാമയെ വേലിച്ചാടിപ്പിച്ച്‌ ലൈംഗികതയുടെ ബര്‍ലിന്‍ മതില്‍ തകര്‍ത്ത്‌ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേയ്‌ക്ക്‌ കെട്ടഴിച്ച്‌ വിടുവാന്‍ കഥാകൃത്ത്‌ ശ്യാമയ്‌ക്കൊരു കാമുകനെ സൃഷ്‌ടിച്ചു. പുതുതലമുറയുടെ പ്രതിനിധിയാക്കി സൃഷ്‌ടാവവന്‌ പ്രിയനെന്ന്‌ പേര്‌ വിളിച്ചു. ഫ്രീക്ക്‌ സ്റ്റൈലില്‍ ചെത്തി നടക്കുന്ന കാമുകനിലേയ്‌ക്കുള്ള ശ്യാമയുടെ യാത്രയ്‌ക്ക്‌ പാലമാകാന്‍ അനസൂയമാരെ സൃഷ്‌ടിച്ചവന്‍ പിന്നീട്‌ ക്രയവിക്രയശേഷി ശോഷിച്ച്‌ കൂട്ടികൊടുക്കാനും നിലനിര്‍ത്താനും പാടുപ്പെട്ടുനിന്നത്‌ എഴുത്തുകാരനെ പ്രതിസന്ധിയിലേയ്‌ക്ക്‌ തള്ളിവിട്ടു. ഇത്തരം ഒരു ഘട്ടത്തില്‍ പതിവ്‌ രീതിയനുസരിച്ച്‌ (അങ്ങനെ ഒന്ന്‌ ഉണ്ടെങ്കില്‍) എഴുത്തുകാരന്‍ പുകവലിക്കുകയോ മറ്റു ലഹരികളിലേയ്‌ക്ക്‌ പോവുകയോ ചെയ്യുമെന്ന്‌ നിങ്ങള്‍ വായനക്കാര്‍ക്ക്‌ ഒരു മുന്‍ധാരണ ലഭിക്കുന്നുണ്ട്‌. എന്നാല്‍ കഥാകൃത്ത്‌ അവളായിരുന്നുവെങ്കില്‍ ഒരിക്കലും പൂരിപ്പിക്കാന്‍ കഴിയാത്ത പദപ്രശ്‌നം വായനക്കാര്‍ക്ക്‌ നല്‍കുമോ എന്ന്‌ സംശയിച്ച്‌ കഥാകൃത്ത്‌ പെണ്ണുങ്ങളെ തന്റെ കട്ടികണ്ണാടിയിലൂടെ സൂക്ഷിച്ച്‌ നോക്കാന്‍ തുടങ്ങി. എത്ര കുനിഞ്ഞ്‌ നോക്കിയിട്ടും പുതിയതായൊന്നും കണ്ടെത്താന്‍ കഴിയാതെ അയാള്‍ നിരാശനായി. പിന്നീട്‌ എപ്പോഴോ ഏകാന്തതയുടെ തുരുത്ത്‌തേടി യാത്രയായ അയാള്‍ക്ക്‌ മഴവില്ലിന്റെ പ്രതീക്ഷകളെ കുറിച്ച്‌ ബോധോദയമുണ്ടായി. അങ്ങനെ അയാള്‍ മഴവില്ലിനെ തേടിപോയി. കടലാസിന്‌ പേനയുടെ കാല്‌പനിക ചുംബനം.
**********
കാമുകന്‍ കാറ്റിന്റെ വരവിനെകുറിച്ച്‌ തനിക്ക്‌ സന്ദേശമെത്തിക്കുന്ന തോഴിയായ മേഘത്തിന്‌ തന്നേക്കാള്‍ വലിയ മുലകളുണ്ടെന്നും അവ കാറ്റിനെ ഭ്രമിപ്പിക്കുമെന്ന്‌ ഭയന്ന്‌, പ്രകാശം മറഞ്ഞ്‌ മഴവില്ല്‌ തോഴിക്ക്‌ പിറകില്‍ നിന്ന്‌ ഏങ്ങലടിച്ച്‌ കരഞ്ഞു. പ്രിയന്‍-ശ്യാമ പ്രണയത്തിനെ ഇത്തരം ഒരവസ്ഥയിലെത്തിക്കാന്‍ നവകഥാപാത്രത്തിന്‌ ജന്മം നല്‍കിയ കഥാകൃത്തിന്‌ പിന്നീട്‌ സംഘര്‍ഷങ്ങളെ ലഘൂകരിക്കേണ്ടിവന്നു. അങ്ങനെ ഒരു അവസ്ഥ രൂപപ്പെട്ടപ്പോഴാണ്‌ മഴ പെയ്‌തത്‌.
തുറന്നെഴുത്ത്‌ ഒരു തുറുപ്പ്‌ ചീട്ടാക്കണം. സൈബര്‍ വായനക്കാരെ വലയിലാക്കാന്‍ കഥാകൃത്ത്‌ കുതന്ത്രമോ, തന്ത്രമോ മെനഞ്ഞു. കണ്ണീര്‍ രതിയുടെ ഭാവം കൈവരിക്കുകയും ഇടവപ്പാതി തകര്‍ത്ത്‌ പെയ്യുകയും ചെയ്‌തു. കുളിരിന്റെ രാപുതപ്പില്‍ തിമിര്‍ത്തങ്ങനെ ഹരംപിടിച്ച്‌ നടക്കുന്ന നായികയെ സദാചാര കിഴങ്ങന്മാരും മതംവിഴുങ്ങി മണ്ണുണ്ണികളും കൈകാര്യം ചെയ്‌തുവിടുമെന്ന പേടിയില്‍ വീണ്ടുമയാള്‍ കഥയെ വഴിതിരിച്ച്‌ വിടാനുള്ള ശ്രമത്തില്‍ മുഴുകിയിരുന്നു. തലച്ചോറ്‌ പുണ്ണാക്കി അയാള്‍ ഒരു ഉപായം കണ്ടെത്തി. നായികയെ രക്ഷിക്കാന്‍ (ഇസ്‌തിരിയിട്ട കോലമെന്ന്‌ കഥാകൃത്ത്‌ അധിഷേപിച്ച വ്യക്തി) ഭര്‍ത്താവിനെ രംഗത്തിറക്കുക എന്ന ബുദ്ധിപരമായ തീരുമാനം നടപ്പിലാക്കി എങ്കിലും കഥാകൃത്തിന്‌ എന്തോ തൃപ്‌തി വന്നില്ല.
ശ്യാമയുടെ ഭര്‍ത്താവിനെ ഒപ്പം കൂട്ടാന്‍ മടിയുള്ളത്‌ കൊണ്ടാണോ എന്നറിയില്ല കഥാകൃത്ത്‌ അയാളില്‍ നിന്നും വീണ്ടും അവളിലേയ്‌ക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചു. നെയ്യപ്പം തിന്നാല്‌ രണ്ടുണ്ട്‌ കാര്യം. വായനക്കാരുടെ ഒഴുക്കും കൂടും സമകാലികനാവുകയും ചെയ്യാം. അതിനായി കഥാകൃത്ത്‌ കാക്കയെ പറ്റിച്ച്‌ നെയ്യപ്പം കട്ടു. ഒരു ബലാത്സംഗ രംഗംകൂടി കുത്തിക്കയറ്റി. കഥ പറയാന്‍ ഒരു മൂഡിനായി രംഗത്തെ സീനിലേയ്‌ക്ക്‌ തര്‍ജമ ചെയ്യപ്പെടുന്നു.
**********
ഒരു തിരശ്ശീല കാഴ്‌ച
രാത്രി ഒരു പത്തരമണി ആയിക്കാണും. പശ്ചാത്തല സംഗീതമായി തവളക്കരച്ചില്‍. ഇടവപ്പാതിയില്‍ നിറഞ്ഞൊഴുകുന്ന പാതയിലൂടെ ശ്യാമ ഓടി. അവളെ പിച്ചിചീന്താന്‍ ആയിരം കൈകള്‍ പിറകെ വരുന്നു. പുളകം കൊള്ളിച്ചുകൊണ്ട്‌ രംഗവിവരണം എഴുതികഴിഞ്ഞപ്പോള്‍ കഥാകൃത്തിന്‌ ശ്യാമയുടെ ഭര്‍ത്താവിനെ ഓര്‍മ്മ വന്നു. മാന്ത്രികവടികൊണ്ട്‌ എഴുത്തുകാരന്‍ അയാളെ തവളയാക്കി മാറ്റി. തവളയ്‌ക്ക്‌ മഴവില്ലിനോടുള്ള പ്രണയം ഹൃദയത്തില്‍ നിറച്ച്‌ പേന കടലാസുമായി ഗാഢ രതിയിലേര്‍പ്പെട്ടു.
കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍ മഴവില്ലിനെ പ്രണയപൂര്‍വ്വം വിളിക്കാറുണ്ടെങ്കിലും വില്ലന്‍ കാറ്റിന്റെ അലര്‍ച്ചയില്‍ മഴവില്ല്‌ തവളയുടെ പ്രണയഗീതം കേട്ടില്ല. തിരിച്ചറിവുണ്ടായ അവള്‍ അയാളെ പ്രതീക്ഷിച്ചിരുന്നു.
പിന്‍കുറിപ്പ്‌ : വില്ലന്‍കാറ്റിനെ വ്യക്തികളും സംഭവങ്ങളുമായി പ്രതീകവല്‍ക്കരിക്കുകയാണ്‌. ഇത്തരം ഒരു കൂട്ടിവായന ആവശ്യപ്പെട്ടുകൊണ്ട്‌ കഥ അവസാനിപ്പിക്കുന്നു.
* കഥാകൃത്ത്‌ മനസ്സില്‍ പറഞ്ഞത്‌ :
അജ്ഞാതമായ കാരണങ്ങളാല്‍ വ്യക്തമാക്കാന്‍ തയ്യാറല്ല.
* എഴുത്തുകാരന്റെ സാക്ഷ്യപത്രം.
�കഥാകൃത്ത്‌ പെണ്ണുങ്ങളെ നോക്കിക്കാണുന്ന വിധം�

 എന്ന ഈ കഥ പി. ജിംഷാറെന്ന ഞാന്‍ എഴുതിയത്‌ ഒരു കാഴ്‌ചയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌. ഒരു സ്‌ത്രീ പ്രാണരക്ഷാര്‍ത്ഥം ഓടുന്നത്‌ അതുവഴി കടന്നുപോയ ഞാന്‍ കാണുകയുണ്ടായി. ഈ സംഭവം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. അങ്ങനെ ഞാനനുഭവിച്ച സംഘര്‍ഷം എനിക്ക്‌ കഥയാക്കി മാറ്റാന്‍ കഴിഞ്ഞു.
* വാല്‍ക്കഷ്‌ണത്തില്‍ ബാക്കിയായത്‌ :-
കഥ എഴുതിത്തീര്‍ന്ന ഉടനെ ഞാനത്‌ എന്റെ അറിവിലെ ആസ്ഥാന ഫെമിനിസ്റ്റും സര്‍വ്വോപരി എന്റെ കാമുകിയുമായ �x� നെ കാണിച്ചു. (എഴുത്തുകാരന്‍ എന്ന പട്ടമുള്ളതിനാല്‍ ഒളിഞ്ഞും തെളിഞ്ഞും ആയിരം കാമുകിമാര്‍ ഉള്ളതുകൊണ്ടാണ്‌ ഞാന്‍ കാമുകിയുടെ പേര്‌ പറയാതിരുന്നത്‌. മാന്യ വായനക്കാര്‍ ക്ഷമിക്കുക.) അവളത്‌ വാങ്ങി വായിച്ചശേഷം എന്നെ നോക്കിയൊന്ന്‌ ചിരിച്ചു. �അവര്‍ക്ക്‌ തൂറാന്‍ /മൂത്രമൊഴിക്കാന്‍ മൂട്ടീറ്റ്‌ ഓടിയതാണെങ്കിലോ� എന്ന അവളുടെ ചോദ്യം കൂടിയായപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി. അപ്പോള്‍ തന്നെ ഞാന്‍ കഥ കീറിക്കളയുകയും പെണ്ണുങ്ങളെ ഒരു കഥാകൃത്തായി നോക്കിക്കാണില്ലെന്ന്‌ പ്രതിജ്ഞയും എടുത്തു.
എന്ന്‌
പി. ജിംഷാര്‍