Thursday 22 November 2012

കടലും പെണ്‍കുട്ടിയും



സ്വപ്‌നങ്ങള്‍ക്ക്‌ കൂട്ടിരുന്ന പെണ്‍കുട്ടി
ഒരിക്കല്‍ കടലുകാണാന്‍ പോയി.
ആദ്യമായി കടലുകണ്ട അവളുടെ
കണ്ണുകള്‍ അത്ഭുതം കൊണ്ട്‌ വിടരുകയും
മുഖം രക്തവര്‍ണമാവുകയും ചെയ്‌തു.
ഒരു കടലുമുഴുവന്‍ വലിച്ചുകുടിച്ച്‌
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
അപ്പോള്‍ കടല്‌ വറ്റുകയും
അവളുടെ നേത്രങ്ങള്‍
സമുദ്രങ്ങളായി മാറുകയും ചെയ്‌തു.

Wednesday 15 August 2012

കഥാകൃത്ത്‌ പെണ്ണുങ്ങളെ നോക്കിക്കാണുന്ന വിധം


അങ്ങകലെ ഏകാന്തതയുടെ തുരുത്തില്‍ ഒരു മഴവില്ല്‌ ഒളിച്ചിരുന്നു. ഇടയന്മാരുടെ വേണുഗാനം തിന്ന്‌ അവള്‍ സൂര്യനെ മോഹിപ്പിക്കാനുള്ള വിദ്യ പഠിച്ചു. സ്വപ്‌നങ്ങള്‍ സൂക്ഷിച്ച പുരികങ്ങളില്‍ ഒട്ടിപ്പിടിച്ച അരിപ്പൊടി ശ്യാമളയുടെ കാഴ്‌ചകളെ മറയ്‌ക്കുന്നത്‌പോലെ അവള്‍ക്കുതോന്നി. അടുക്കളയുടെ ജാലകത്തിനപ്പുറം ഒരിക്കലും തെളിഞ്ഞിട്ടില്ലാത്ത നാളെകള്‍ മാത്രമായപ്പോള്‍ ശ്യാമ സൂര്യനെ മോഹിപ്പിക്കുന്ന വിദ്യമറന്നു പോയി. അടുപ്പില്‍ എരിയുന്ന സൂര്യനെ സൂക്ഷ്‌മാവസ്ഥയിലേയ്‌ക്ക്‌ മാറ്റിയെടുത്ത്‌ ഗ്യാസടുപ്പിലേയ്‌ക്ക്‌ കുടിയിരുത്തിയെങ്കിലും ഒരിക്കലും തന്റെ പ്രണയത്തെ സൂര്യന്‍ തിരിച്ചു തന്നില്ലെന്ന സങ്കടം ശ്യാമയുടെ കണ്‍തടങ്ങളില്‍ കറുത്തപാടുകള്‍ സൃഷ്‌ടിച്ചു. കണ്‍തടങ്ങളെ നിഴലുകള്‍ സ്‌പര്‍ശിക്കുന്നതിനും എത്രയോ മുന്‍പ്‌ നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ പ്രണയത്തിന്റെ പുലരിയില്‍ ഒഴുകിവന്ന ശിവഗംഗയില്‍ അവള്‍ മുങ്ങിക്കുളിച്ചു. ഏഴുവര്‍ണ്ണങ്ങളും അലിഞ്ഞ്‌ ചേര്‍ന്ന തെളിനീര്‌ കുടിച്ച്‌ ശ്യാമ മഴവില്ലിനെ ഉദരത്തില്‍പേറി.
ഏകാന്തതയുടെ പിന്നീടുള്ള നാളുകളില്‍ വഴിതെറ്റിവന്ന കാറ്റുകളില്‍ സിരകളെ തീ പിടിപ്പിക്കുന്ന ഉന്മാദം നുരഞ്ഞ്‌ പൊന്തുന്നു എന്ന തിരിച്ചറിവില്‍ ശ്യാമ വല്ലാതെ ഉള്‍വലിഞ്ഞു. മൊബൈലിന്റെ നനുത്ത സാന്ത്വനത്തില്‍ അങ്ങനെ അവള്‍ ഒളിച്ചിരിക്കാന്‍ തുടങ്ങി. അറിയാത്ത നമ്പറിലേയ്‌ക്ക്‌ മിസ്സ്‌ഡ്‌ കോള്‍ അടിച്ച്‌ അവള്‍ കാത്തിരുന്നു. പൂക്കളുടെ ഗന്ധം തനിക്കേകാന്‍ വരുന്ന കാമുകന്‍ കാറ്റിനെ പ്രതീക്ഷിച്ചുക്കൊണ്ട്‌ ശ്യാമ എച്ചില്‍പാത്രങ്ങള്‍ കഴുകി വെടിപ്പാക്കി സ്റ്റാന്റില്‍ തൂക്കി. വെള്ളത്തില്‍ മുക്കിയെടുത്ത അവളുടെ വിരലുകള്‍ ശവശരീരത്തിന്റെ ചുണ്ടുപോലെ കാണപ്പെട്ടു.
ഇസ്‌തിരിപ്പെട്ടി ശ്യാമയ്‌ക്ക്‌ ഇഷ്‌ടമല്ല. അലക്കി തേച്ച്‌ വടിപോലെ വെച്ച മനുഷ്യരേയും - ഭര്‍ത്താവിന്റെ വസ്‌ത്രങ്ങളുടെ ചുളിവ്‌ നിവര്‍ത്തിക്കൊണ്ട്‌ വളരെ കാല്‌പനികമെന്ന്‌ തോന്നിക്കുന്ന ഉപമാവസ്ഥയെ നിര്‍വ്വചിച്ചെടുക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു അവള്‍. കുപ്പായം കരിഞ്ഞ മണവും വെട്ടിത്തിളങ്ങുന്ന ചൂടുകാറ്റും ശരീരത്തെ ഉണര്‍ത്തി.
അയ്യോ ഷര്‍ട്ട്‌ കരിഞ്ഞു.
എന്ന സ്ഥിരം സംഭാഷണം ഉരുവിട്ടുകൊണ്ട്‌ ശ്യാമ വീണ്ടും അസംതൃപ്‌തിയുടെ കൊടുമുടികള്‍ കയറി. ഇങ്ങനെയൊക്കായാണ്‌ തന്റെ നായിക ചിന്തിക്കുന്നതെന്ന്‌ എഴുതിവെച്ച ശേഷം എഴുത്തുകാര്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.
**********
ശ്യാമയെ വേലിച്ചാടിപ്പിച്ച്‌ ലൈംഗികതയുടെ ബര്‍ലിന്‍ മതില്‍ തകര്‍ത്ത്‌ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേയ്‌ക്ക്‌ കെട്ടഴിച്ച്‌ വിടുവാന്‍ കഥാകൃത്ത്‌ ശ്യാമയ്‌ക്കൊരു കാമുകനെ സൃഷ്‌ടിച്ചു. പുതുതലമുറയുടെ പ്രതിനിധിയാക്കി സൃഷ്‌ടാവവന്‌ പ്രിയനെന്ന്‌ പേര്‌ വിളിച്ചു. ഫ്രീക്ക്‌ സ്റ്റൈലില്‍ ചെത്തി നടക്കുന്ന കാമുകനിലേയ്‌ക്കുള്ള ശ്യാമയുടെ യാത്രയ്‌ക്ക്‌ പാലമാകാന്‍ അനസൂയമാരെ സൃഷ്‌ടിച്ചവന്‍ പിന്നീട്‌ ക്രയവിക്രയശേഷി ശോഷിച്ച്‌ കൂട്ടികൊടുക്കാനും നിലനിര്‍ത്താനും പാടുപ്പെട്ടുനിന്നത്‌ എഴുത്തുകാരനെ പ്രതിസന്ധിയിലേയ്‌ക്ക്‌ തള്ളിവിട്ടു. ഇത്തരം ഒരു ഘട്ടത്തില്‍ പതിവ്‌ രീതിയനുസരിച്ച്‌ (അങ്ങനെ ഒന്ന്‌ ഉണ്ടെങ്കില്‍) എഴുത്തുകാരന്‍ പുകവലിക്കുകയോ മറ്റു ലഹരികളിലേയ്‌ക്ക്‌ പോവുകയോ ചെയ്യുമെന്ന്‌ നിങ്ങള്‍ വായനക്കാര്‍ക്ക്‌ ഒരു മുന്‍ധാരണ ലഭിക്കുന്നുണ്ട്‌. എന്നാല്‍ കഥാകൃത്ത്‌ അവളായിരുന്നുവെങ്കില്‍ ഒരിക്കലും പൂരിപ്പിക്കാന്‍ കഴിയാത്ത പദപ്രശ്‌നം വായനക്കാര്‍ക്ക്‌ നല്‍കുമോ എന്ന്‌ സംശയിച്ച്‌ കഥാകൃത്ത്‌ പെണ്ണുങ്ങളെ തന്റെ കട്ടികണ്ണാടിയിലൂടെ സൂക്ഷിച്ച്‌ നോക്കാന്‍ തുടങ്ങി. എത്ര കുനിഞ്ഞ്‌ നോക്കിയിട്ടും പുതിയതായൊന്നും കണ്ടെത്താന്‍ കഴിയാതെ അയാള്‍ നിരാശനായി. പിന്നീട്‌ എപ്പോഴോ ഏകാന്തതയുടെ തുരുത്ത്‌തേടി യാത്രയായ അയാള്‍ക്ക്‌ മഴവില്ലിന്റെ പ്രതീക്ഷകളെ കുറിച്ച്‌ ബോധോദയമുണ്ടായി. അങ്ങനെ അയാള്‍ മഴവില്ലിനെ തേടിപോയി. കടലാസിന്‌ പേനയുടെ കാല്‌പനിക ചുംബനം.
**********
കാമുകന്‍ കാറ്റിന്റെ വരവിനെകുറിച്ച്‌ തനിക്ക്‌ സന്ദേശമെത്തിക്കുന്ന തോഴിയായ മേഘത്തിന്‌ തന്നേക്കാള്‍ വലിയ മുലകളുണ്ടെന്നും അവ കാറ്റിനെ ഭ്രമിപ്പിക്കുമെന്ന്‌ ഭയന്ന്‌, പ്രകാശം മറഞ്ഞ്‌ മഴവില്ല്‌ തോഴിക്ക്‌ പിറകില്‍ നിന്ന്‌ ഏങ്ങലടിച്ച്‌ കരഞ്ഞു. പ്രിയന്‍-ശ്യാമ പ്രണയത്തിനെ ഇത്തരം ഒരവസ്ഥയിലെത്തിക്കാന്‍ നവകഥാപാത്രത്തിന്‌ ജന്മം നല്‍കിയ കഥാകൃത്തിന്‌ പിന്നീട്‌ സംഘര്‍ഷങ്ങളെ ലഘൂകരിക്കേണ്ടിവന്നു. അങ്ങനെ ഒരു അവസ്ഥ രൂപപ്പെട്ടപ്പോഴാണ്‌ മഴ പെയ്‌തത്‌.
തുറന്നെഴുത്ത്‌ ഒരു തുറുപ്പ്‌ ചീട്ടാക്കണം. സൈബര്‍ വായനക്കാരെ വലയിലാക്കാന്‍ കഥാകൃത്ത്‌ കുതന്ത്രമോ, തന്ത്രമോ മെനഞ്ഞു. കണ്ണീര്‍ രതിയുടെ ഭാവം കൈവരിക്കുകയും ഇടവപ്പാതി തകര്‍ത്ത്‌ പെയ്യുകയും ചെയ്‌തു. കുളിരിന്റെ രാപുതപ്പില്‍ തിമിര്‍ത്തങ്ങനെ ഹരംപിടിച്ച്‌ നടക്കുന്ന നായികയെ സദാചാര കിഴങ്ങന്മാരും മതംവിഴുങ്ങി മണ്ണുണ്ണികളും കൈകാര്യം ചെയ്‌തുവിടുമെന്ന പേടിയില്‍ വീണ്ടുമയാള്‍ കഥയെ വഴിതിരിച്ച്‌ വിടാനുള്ള ശ്രമത്തില്‍ മുഴുകിയിരുന്നു. തലച്ചോറ്‌ പുണ്ണാക്കി അയാള്‍ ഒരു ഉപായം കണ്ടെത്തി. നായികയെ രക്ഷിക്കാന്‍ (ഇസ്‌തിരിയിട്ട കോലമെന്ന്‌ കഥാകൃത്ത്‌ അധിഷേപിച്ച വ്യക്തി) ഭര്‍ത്താവിനെ രംഗത്തിറക്കുക എന്ന ബുദ്ധിപരമായ തീരുമാനം നടപ്പിലാക്കി എങ്കിലും കഥാകൃത്തിന്‌ എന്തോ തൃപ്‌തി വന്നില്ല.
ശ്യാമയുടെ ഭര്‍ത്താവിനെ ഒപ്പം കൂട്ടാന്‍ മടിയുള്ളത്‌ കൊണ്ടാണോ എന്നറിയില്ല കഥാകൃത്ത്‌ അയാളില്‍ നിന്നും വീണ്ടും അവളിലേയ്‌ക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചു. നെയ്യപ്പം തിന്നാല്‌ രണ്ടുണ്ട്‌ കാര്യം. വായനക്കാരുടെ ഒഴുക്കും കൂടും സമകാലികനാവുകയും ചെയ്യാം. അതിനായി കഥാകൃത്ത്‌ കാക്കയെ പറ്റിച്ച്‌ നെയ്യപ്പം കട്ടു. ഒരു ബലാത്സംഗ രംഗംകൂടി കുത്തിക്കയറ്റി. കഥ പറയാന്‍ ഒരു മൂഡിനായി രംഗത്തെ സീനിലേയ്‌ക്ക്‌ തര്‍ജമ ചെയ്യപ്പെടുന്നു.
**********
ഒരു തിരശ്ശീല കാഴ്‌ച
രാത്രി ഒരു പത്തരമണി ആയിക്കാണും. പശ്ചാത്തല സംഗീതമായി തവളക്കരച്ചില്‍. ഇടവപ്പാതിയില്‍ നിറഞ്ഞൊഴുകുന്ന പാതയിലൂടെ ശ്യാമ ഓടി. അവളെ പിച്ചിചീന്താന്‍ ആയിരം കൈകള്‍ പിറകെ വരുന്നു. പുളകം കൊള്ളിച്ചുകൊണ്ട്‌ രംഗവിവരണം എഴുതികഴിഞ്ഞപ്പോള്‍ കഥാകൃത്തിന്‌ ശ്യാമയുടെ ഭര്‍ത്താവിനെ ഓര്‍മ്മ വന്നു. മാന്ത്രികവടികൊണ്ട്‌ എഴുത്തുകാരന്‍ അയാളെ തവളയാക്കി മാറ്റി. തവളയ്‌ക്ക്‌ മഴവില്ലിനോടുള്ള പ്രണയം ഹൃദയത്തില്‍ നിറച്ച്‌ പേന കടലാസുമായി ഗാഢ രതിയിലേര്‍പ്പെട്ടു.
കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍ മഴവില്ലിനെ പ്രണയപൂര്‍വ്വം വിളിക്കാറുണ്ടെങ്കിലും വില്ലന്‍ കാറ്റിന്റെ അലര്‍ച്ചയില്‍ മഴവില്ല്‌ തവളയുടെ പ്രണയഗീതം കേട്ടില്ല. തിരിച്ചറിവുണ്ടായ അവള്‍ അയാളെ പ്രതീക്ഷിച്ചിരുന്നു.
പിന്‍കുറിപ്പ്‌ : വില്ലന്‍കാറ്റിനെ വ്യക്തികളും സംഭവങ്ങളുമായി പ്രതീകവല്‍ക്കരിക്കുകയാണ്‌. ഇത്തരം ഒരു കൂട്ടിവായന ആവശ്യപ്പെട്ടുകൊണ്ട്‌ കഥ അവസാനിപ്പിക്കുന്നു.
* കഥാകൃത്ത്‌ മനസ്സില്‍ പറഞ്ഞത്‌ :
അജ്ഞാതമായ കാരണങ്ങളാല്‍ വ്യക്തമാക്കാന്‍ തയ്യാറല്ല.
* എഴുത്തുകാരന്റെ സാക്ഷ്യപത്രം.
�കഥാകൃത്ത്‌ പെണ്ണുങ്ങളെ നോക്കിക്കാണുന്ന വിധം�

 എന്ന ഈ കഥ പി. ജിംഷാറെന്ന ഞാന്‍ എഴുതിയത്‌ ഒരു കാഴ്‌ചയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌. ഒരു സ്‌ത്രീ പ്രാണരക്ഷാര്‍ത്ഥം ഓടുന്നത്‌ അതുവഴി കടന്നുപോയ ഞാന്‍ കാണുകയുണ്ടായി. ഈ സംഭവം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. അങ്ങനെ ഞാനനുഭവിച്ച സംഘര്‍ഷം എനിക്ക്‌ കഥയാക്കി മാറ്റാന്‍ കഴിഞ്ഞു.
* വാല്‍ക്കഷ്‌ണത്തില്‍ ബാക്കിയായത്‌ :-
കഥ എഴുതിത്തീര്‍ന്ന ഉടനെ ഞാനത്‌ എന്റെ അറിവിലെ ആസ്ഥാന ഫെമിനിസ്റ്റും സര്‍വ്വോപരി എന്റെ കാമുകിയുമായ �x� നെ കാണിച്ചു. (എഴുത്തുകാരന്‍ എന്ന പട്ടമുള്ളതിനാല്‍ ഒളിഞ്ഞും തെളിഞ്ഞും ആയിരം കാമുകിമാര്‍ ഉള്ളതുകൊണ്ടാണ്‌ ഞാന്‍ കാമുകിയുടെ പേര്‌ പറയാതിരുന്നത്‌. മാന്യ വായനക്കാര്‍ ക്ഷമിക്കുക.) അവളത്‌ വാങ്ങി വായിച്ചശേഷം എന്നെ നോക്കിയൊന്ന്‌ ചിരിച്ചു. �അവര്‍ക്ക്‌ തൂറാന്‍ /മൂത്രമൊഴിക്കാന്‍ മൂട്ടീറ്റ്‌ ഓടിയതാണെങ്കിലോ� എന്ന അവളുടെ ചോദ്യം കൂടിയായപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി. അപ്പോള്‍ തന്നെ ഞാന്‍ കഥ കീറിക്കളയുകയും പെണ്ണുങ്ങളെ ഒരു കഥാകൃത്തായി നോക്കിക്കാണില്ലെന്ന്‌ പ്രതിജ്ഞയും എടുത്തു.
എന്ന്‌
പി. ജിംഷാര്‍

Wednesday 27 June 2012

കുരുവിക്കൂടിന്റെ പതനവും ഒരു സിനിമയുടെ പിറവിയും

മഴയുടെ വജ്രത്തലപ്പ്‌ ഭൂമിയെ ആഴത്തില്‍ മുറിവേല്‍പിച്ച്‌ കൊണ്ട്‌ ചിതറി തെറിച്ചു. വിളക്കുകാലിന്‌ ചുവട്ടില്‍ മഴവെള്ളത്തോട്‌ പൊരുതി കൊണ്ട്‌ പകുതി പണികഴിഞ്ഞ കുരുവിക്കൂടും കാണപ്പെട്ടു. ശക്തിയോടെ ഒലിച്ച്‌ പോകുന്ന വെള്ളത്തോടൊപ്പം ഓടയിലേക്ക്‌ പോകാന്‍ മടിയുളള കിളിക്കൂട്‌ വിളക്കുകാലിനടിയില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരുന്നു. ഒടുവില്‍ കുരുവിക്കൂട്‌ തോല്‍ക്കുകയും ചകിരിനൂലും വാഴനാരും വേര്‍പ്പെട്ട്‌ തുന്നിക്കൂട്ടിയ മൃതദേഹം കണക്കെ അത്‌ ഓടയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്‌തു.
പുത്തന്‍ സ്ലേറ്റില്‍ കുട്ടി വരച്ച മഴയുടെ ചിത്രം പോലെ ആകാശം ഒരു ചെറുചതുരത്തില്‍ ഒതുങ്ങിപോയി. താഴെ ഒരു പൊട്ടുപോലെ ഇണക്കുരുവികള്‍ വിളക്കുകാലിന്‌ മുകളിലെ വൈദ്യുതകമ്പിയില്‍ ഇരുന്ന്‌ കരഞ്ഞു. മഴക്കൊപ്പം ഇണക്കുരുവികളുടെ കണ്ണീരും പാര്‍പ്പിടവും അലിഞ്ഞു ചേര്‍ന്നു.
പറന്ന്‌ പോകാന്‍ കഴിയാത്ത തണുപ്പ്‌ ചിറകുകളെ ബാധിച്ചത്‌ കൊണ്ട്‌ ആ കുരുവികള്‍ ഏറെ നേരം അവിടെ തന്നെ ഇരുന്നു. ഇല്ലായിരുന്നെങ്കില്‍ തങ്ങളുടെ നിസ്സഹായത പകര്‍ത്തിയ വിഷ്‌ണുവിന്റെ ക്യാമറയുടെ കറുത്തിരുണ്ട കൃഷ്‌ണമണിയെ അവര്‍ ആവേശത്തോടെ കൊത്തി തിന്നുമായിരുന്നു. മൂര്‍ച്ചയേറിയ അവരുടെ കൊക്കുകള്‍ രക്തതുള്ളികളാല്‍ കൂടുതല്‍ തിളക്കം വെക്കുമായിരുന്നു.
ബോധത്തിനും അബോധത്തിനും ഇടക്കുള്ള ചെറിയ ഇടവേളകള്‍ പോലും മഴയത്ത്‌ ഒലിച്ച്‌ പോയ കിളിക്കൂടും വിഷ്‌ണുവും കയ്യടക്കിയിരിക്കുന്നു.
*********************
അദ്യ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഛായാഗ്രാഹകനായി വിഷ്‌ണുവിനെ നിശ്ചയിക്കാന്‍ തീരുമാനിച്ചത്‌ കോളേജിലെ പരിചയം കാരണമായിരുന്നു. പഠനകാലത്ത്‌ ഒന്നിച്ച്‌ പങ്കുവെച്ച സിനിമാമോഹങ്ങള്‍ക്ക്‌ പിറകെ പോയി ഞാന്‍ സംവിധാനസഹായി ആയെങ്കില്‍ വിഷ്‌ണു സിനിയാഭൂപടത്തില്‍ ഒരിക്കലും അടയാളപ്പെടുത്താതെ നിലകൊള്ളുകയായിരുന്നു. സ്വന്തം സിനിമ ഒരു ചെറിയവെട്ടത്തില്‍ ഒരുക്കാനുള്ള ശ്രമം തുടങ്ങിപ്പഴേ ഞാന്‍ വിഷ്‌ണുവിനെ അന്വേഷിച്ചു. എന്റെ കണ്ണായി മാറാന്‍ അവന്‌ കഴിയും എന്നെനിക്ക്‌ ഉറപ്പുണ്ടായിരുന്നു.
കാഴ്‌ചയുടെ വ്യാകരണത്തെ പാടെ മറിച്ചുകളയുന്ന ഒരു സിനിമയായിരുന്നു മനസ്സ്‌ നിറയെ, സംഭാഷണം രേഖപ്പെടുത്തുന്ന കടലാസിന്റെ സഹായത്തില്‍ നിന്നും കുതറി മാറി എല്ലാ രംഗങ്ങളെയും അതിന്റെ തീവ്രതയില്‍ അടയാളപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. മദ്യപാനവും വ്യഭിചാരവും പ്രശ്‌നലവല്‍ക്കരിക്കുന്ന ചിത്രത്തില്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ സ്വന്തംരൂപത്തെ തിരശ്ശീലയില്‍ പ്രതിനിധീകരിക്കുകയും അവരെ മൂര്‍ത്തമായ ജീവിതാനുഭവിത്തിലൂടെ കടത്തിവിട്ട്‌ അവയെ ചലചിത്രമായി പരിവര്‍ത്തനം നടത്തുകയുമായിരുന്നു എന്റെ ലക്ഷ്യം. സമീപദൃശ്യത്തെ ഞാന്‍ വിദൂരദൃശ്യം കൊണ്ട്‌ നേരിടാന്‍ ശ്രമിക്കുകയും നിലനില്‍പ്പെന്ന മധ്യദൃശ്യത്തെ ഒഴിവാക്കി കളയാനും ഞാന്‍ ആഗ്രഹിച്ചു.
എന്നിലെ സിനിമാസംവിധായകനെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ആളായിരുന്നില്ല എന്റെ നിര്‍മ്മാതാവ്‌. നടീനടന്‍മാരെ എങ്ങനെ വേണമെങ്കിലും രൂപപ്പെടുത്തിയെടുക്കാമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലും ഞാനെന്തോ അപ്പോള്‍ ശക്തമായ ഒരു പിന്തുണ ആരില്‍ നിന്നോ ആഗ്രഹിച്ചു. എന്റെ ഈ ചിന്തയാണ്‌ മറവിയുടെ ഗര്‍ത്തത്തില്‍ നിന്നും വിഷ്‌ണുവിനെ പുറത്ത്‌ ചാടിച്ചത്‌.
പഠനകാലത്ത്‌ ഒരിക്കലും മദ്യപിച്ച്‌ കണ്ടിട്ടില്ലാത്ത വിഷ്‌ണുവിനെ ഒരു ബാറില്‍വെച്ച്‌ കണ്ടത്‌ അവിചാരിതമായിട്ടായിരുന്നു. എന്നത്തേയും പോലെ അവന്‍ അപ്പോഴും മദ്യപിച്ചിരുന്നില്ല. ഒപ്പംവന്ന ഏതോ കുടിയന്‍ ചങ്ങാതിക്ക്‌ കൂട്ടിരിക്കുകയായിരുന്നു. പണ്ട്‌ ഹോസ്‌റ്റലിലും പലപലബാറിലും അവനെനിക്ക്‌ കൂട്ടിരിക്കുകയും കിംക്കി ഡ്യൂക്കിന്റെയും ബര്‍ഗ്മാന്റെയും സിനിമകളെ കുറിച്ച്‌ വാതോരാതെ സംസാരിക്കുകയും ചെയ്‌തിരുന്നു. തേടി നടക്കുന്ന വള്ളിയെ കൃത്യമായി കണ്‍മുന്നിലെത്തിക്കുന്ന സ്ഥിരം തിരക്കഥാകൂട്ടിമുട്ടലുകള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ കണ്ട്‌ ഞാനൊരു വളിച്ച ചിരി ചിരിക്കുകയും വളി വിടുകയും ചെയ്‌തു. ബാറിന്റെ അരണ്ട വെളിച്ചത്തില്‍ വിഷ്‌ണുവിനെ തിരിച്ചറിഞ്ഞ ഞാന്‍ പിന്നീട്‌ എഴുതി വെക്കപ്പെട്ട തിരനാടകം പോലെ ഞങ്ങളുടെ പുനര്‍സമാമഗമത്തെ ആടിത്തീര്‍ത്തു.
എന്റെ ആദ്യസിനിമയുടെ ഷൂട്ടിങ്ങ്‌ കൃത്യസമയത്ത്‌ വളരെ വ്യക്തതയോടെ തുടങ്ങാന്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട്‌ എന്റെ മനസ്സിനെ എനിക്ക്‌ എന്തോ ഫിലിമില്‍ പകര്‍ത്താന്‍ കഴിയാത്ത അവസ്ഥ അനുഭവപ്പെട്ടു. അഭിനേതാക്കള്‍ എന്നെ പുച്ഛത്തോടെ നോക്കുന്നത്‌ പോലെ എനിക്ക്‌ അനുഭവപ്പെട്ടു. പീഢനത്തിനിരയായ പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണ്ണത ലഭിക്കാന്‍ അവളെ അത്തരം അവസ്ഥയിലൂടെ കടത്തിവിടണമെന്ന്‌ ഞാന്‍ വാശിപിടിച്ചപ്പോള്‍ മറ്റുള്ളവര്‍ കാണ്‍കേ എന്റെ കരണത്തടിച്ച്‌ വിഷ്‌ണു സിനിമാസ്‌റ്റെയില്‍ പ്രകടനം നടത്തി. ഒരിക്കലും ഒന്നുമാകാത്തവന്റെ ഫ്രസ്‌ട്രേഷന്‍കുടിയുടെ അളവ്‌ അതോടെ കൂടി. ആദ്യമെടുത്ത സീനുകളേക്കാള്‍ മോശമായി ഞാന്‍ സിനിമയെ പകര്‍ത്തി കൊണ്ടിരുന്നു. ഞാന്‍ ചെയ്യുന്നത്‌ ശുംഭത്തരമാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ വേഗം മനസ്സിലായെങ്കിലും ഞാനതൊരിക്കലും അംഗീകരിച്ച്‌ കൊടുത്തില്ല. എനിക്ക്‌ സിനിമ എടുക്കാന്‍ അറിവില്ലെന്ന തിരിച്ചറിവിനെ ഞാന്‍ മറ്റെന്തിനേക്കാളും ഭയപ്പെട്ടു. പതിനാറ്‌ കൊല്ലം നീളുന്ന മുഖ്യസംവിധാന സഹായിയുടെ വേഷം എന്നെ വല്ലാതെ മടുപ്പിക്കുകയും അകാരണമായ വെറുപ്പ്‌ ഉള്ളില്‍ നിറക്കുകയും ചെയ്‌തു. ഞാന്‍ അങ്ങനെയാണ്‌ വിജയികളാകുന്ന പുതുമുഖസംവിധായകരെ വെറുക്കാനും അവരുടെ ചിത്രങ്ങളെ അനാവശ്യ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമാക്കാനും തുടങ്ങിയത്‌. ഞാന്‍ മാത്രമാണ്‌ ശരി എന്റെ സിനിമാകാഴ്‌ചപ്പാടുകള്‍ മാത്രമാണ്‌ ശരി എന്ന നിലപാടുകളായിരുന്നു എന്നെ പരാജിതനാക്കിയത്‌്‌ എന്ന തിരിച്ചറിവിലേക്ക്‌ ഞാന്‍ എത്തിയപ്പോഴേക്കും എല്ലാം കൈവിട്ട്‌ പോയിരുന്നു. എന്നെ സഹിക്കാന്‍ കഴിയാതെ നിര്‍മാതാവും അഭിനേതാക്കളും വിട്ടുപോയ രാത്രി പുലര്‍ന്നപ്പോഴാണ്‌ കുരുവിക്കൂടും സംവിധായകനുമെന്ന പ്രശ്‌നം എന്നെ പിടികൂടിയത്‌. അന്നു മുതല്‍ മഴയെ ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ മഴയെ വെറുക്കാന്‍ തുടങ്ങി.
മദ്യത്തിന്റെ രുചി നാവില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുപോയിരുന്നില്ല അപ്പോഴേക്കും സൂര്യപ്രകാശം ഭൂമിയിലേക്ക്‌ പതിക്കുകയും പതിയെ എന്റെ കണ്ണുകളില്‍ നിന്നും ഉറക്കത്തേയും തലച്ചോറില്‍ നിന്നും ഉന്മാദത്തേയും ചോര്‍ത്തി കളഞ്ഞിരുന്നു. വിഷ്‌ണു ഒഴികെ ആരെയും ഞാനവിടെ കണ്ടില്ല. സിനിമ മുടങ്ങിപോയതിനെ കുറിച്ച്‌ എന്റെ നിലയില്ലാത്ത്‌ വെള്ളമടിയെ കുറിച്ച്‌ അവനെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഞാനപ്പോള്‍ നന്നായൊന്ന്‌ മദ്യപിക്കുന്നതിനെ കുറിച്ച്‌ സ്വപ്‌നം കാണുകയായിരുന്നു. കുപ്പായകീശയുടെ സുരക്ഷിതത്തിലേക്ക്‌ യാചനയുടെ കൈ നീണ്ടെങ്കിലും നിരാശയായിരുന്നു ഫലം. വെയിലിന്റെ ചെറുനാമ്പ്‌ ഏല്‍ക്കാന്‍ പോലും അശക്തനായിരുന്നു ഞാനപ്പോള്‍. എനിക്ക്‌ വിഷ്‌ണു പറയുന്നതൊന്നും കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാതെ വരികയും ചെയ്‌തു. ഞാന്‍ വായില്‍ വന്ന മുട്ടന്‍ തെറി വിളിച്ച്‌ കൊണ്ടിരു്‌ന്നെങ്കിലും അവന്‍ പ്രകോപിതനാവാത്തത്‌ എന്നെ നിരാശപ്പെടുത്തി. പരാജയത്തിന്റെ എല്ലാ അലങ്കാരവും ഉള്‍ക്കൊള്ളുന്ന ഒരു ഹൈ ആങ്കിള്‍ ഷോട്ടിലെ കഥാപാത്രത്തെ പോലെ ഞാന്‍ ലോഡ്‌ജ്‌ മുറിയില്‍ നിന്നും പുറത്തിറങ്ങി.
ലോഡ്‌ജ്‌ മുറിയുടെ വരാന്തയില്‍ നിന്ന്‌ അലസമായ കാഴ്‌ചകള്‍ കണ്ടുകൊണ്ട്‌ താഴെയുള്ള തെരുവിനെ പുതിയരൂപത്തില്‍ അവതരിപ്പിക്കാന്‍ ഏത്‌ ഷോട്ട്‌ ഉപയോഗിക്കും എന്ന്‌്‌ ചിന്തിച്ച്‌ ഞാന്‍ എന്നെ തന്നെ മറന്ന്‌ നിന്നു. പെട്ടന്ന്‌ എനിക്കെന്തോ പൊട്ടി കരയണമെന്ന്‌ തോന്നി. പുറപ്പെട്ട്‌ വന്ന കണ്ണീര്‍തുള്ളികളെ വിരല്‍ തലപ്പുകള്‍ തടഞ്ഞു നിറുത്തി. കൈകളുടെ വിടവിലൂടെ ഞാനപ്പോള്‍ വിളക്കുകാലിന്റെ തുഞ്ചത്ത്‌ കൂടുകൂട്ടാന്‍ തുടങ്ങുന്ന രണ്ട്‌ കുരുവികളെ കണ്ടു. വാഴനാരും ചകിരി കഷ്‌ണങ്ങളുമായി അവര്‍ പറന്ന്‌ വരികയും വീണ്ടും വീണ്ടും അവ അനന്തതയിലേക്ക്‌ പറന്ന്‌്‌ പോകുകയും ചെയ്യുന്നു. ആദ്യമൊക്കെ നിര്‍വികാരതയോടെ ഇത്‌്‌ കണ്ടുനിന്ന എന്നിലേക്ക്‌ പതിയെ വല്ലാത്ത ഒരു ആഹ്ലാദം വന്ന്‌ നിറഞ്ഞു. വിളക്കുകാലിന്റെ തലപ്പത്ത്‌ കെട്ടുപിണഞ്ഞു കിടക്കുന്ന വയറുകള്‍ക്കിടയില്‍ കൂടുകൂട്ടാന്‍ കുരുവികള്‍ കാണിക്കുന്ന സൂക്ഷമതയും സര്‍ഗാത്മകതയും എന്നെ വല്ലാതെ സ്‌പര്‍ശിച്ചു. ഞാന്‍ അപ്പോള്‍ വിശപ്പെന്താണെന്ന്‌ അറിയുകയായിരുന്നു. ഞാന്‍ മുറിയിലേക്ക്‌ കയറി വിഷ്‌ണുവിനെ നോക്കി. അവനില്‍ നിന്നും ഉപദേശി ഇറങ്ങിപ്പോയതായി അറിഞ്ഞു. അവന്‍ കീശയില്‍ നിന്നും കാശെടുത്ത്‌ എന്റെ നേരെ നീട്ടി. ഒന്നും മിണ്ടാതെ ഞാനത്‌ വാങ്ങി കോണിപ്പടികളിറങ്ങി, ഇസ്‌മയില്‍ ഇക്കയുടെ ചായക്കടയിലേക്ക്‌.
രുചിയറിഞ്ഞ്‌ ഭക്ഷണം കഴിച്ച ശേഷം തിരിച്ച്‌ ലോഡ്‌ജിലെത്തിയപ്പോള്‍ വിഷ്‌ണു എന്റെ ഹാന്റീക്യാമില്‍ കുരുവികള്‍ കൂടുകൂട്ടുന്നത്‌ പകര്‍ത്തി കൊണ്ടിരിക്കുകയായിരുന്നു.
മഴക്കാലമാണ്‌ ഇന്നൊരു പെരുമഴപെയ്‌താല്‍ കുരുവിക്കൂട്‌ താഴെ വീഴും എങ്കില്‍ രക്ഷപ്പെട്ടു. എനിക്കൊരു ഗംഭീരഷോര്‍ട്ട്‌ ഫിലിം ചെയ്യാന്‍ പറ്റും. അവന്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ എനിക്ക്‌ വല്ലാത്ത മനം പുരട്ടലുണ്ടായി.
നീ ഇവിടെ നിന്ന്‌ ഷൂട്ട്‌ ചെയ്യ്‌ ഞാനൊന്ന്‌ പുറത്ത്‌ പോകുന്നു.
നിന്റെ കയ്യില്‍ കാശുണ്ടോ
ഇല്ല.
അവന്‍ കുറച്ച്‌ നൂറിന്റെ നോട്ടുകള്‍ എനിക്കുനേരെ നീട്ടി. പണം കൈപറ്റിയ ശേഷം തിരിഞ്ഞ്‌ പോലും നോക്കാതെ ഞാന്‍ നടന്നകന്നു.
പിന്നീട്‌ ഞാന്‍ വിഷ്‌ണുവിനെ കണ്ടിട്ടില്ല. അവനിന്ന്‌ അറിയപ്പെടുന്ന സംവിധായകനാണ്‌. ഞാനിപ്പോഴും പഴയപോലെ ഒരിക്കലും തീരാത്ത വെള്ളമടിയും സാഹിത്യസിനിമാചര്‍ച്ചകളുമായി ഞാന്‍ അലഞ്ഞ്‌ നടക്കുന്നു.
വിഷ്‌ണുവിന്റെ അടുത്ത്‌ നിന്ന്‌്‌ ഞാനന്ന്‌ പോയത്‌ നേരെ ബാറിലേക്കായിരുന്നു. അടിച്ച്‌ ഓഫായത്‌ കൊണ്ട്‌ അന്ന്‌ മഴ പെയ്‌തിരുന്നിരുന്നോ എന്നെനിക്ക്‌ ഉറപ്പില്ല. പക്ഷെ, അന്നവനെടുത്ത ഷോര്‍ട്ട്‌ ഫിലീമിന്‌ കോപ്പന്‍ഹേഗണില്‍ നടന്ന പരിസ്ഥിതി ഉച്ചകോടിയോടനുബന്ധിച്ച്‌ നടന്ന ഹ്രസ്വചിത്രങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വാര്‍ത്ത വായിച്ചപ്പോള്‍ അന്ന്‌്‌ മഴ പെയ്‌തിരുന്നെന്ന്‌ ഉറപ്പായി. ആ ചിത്രം അവന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീട്‌ ഏതാനം ഹ്രസ്വചിത്രങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറി വിഷ്‌ണു മലയാളസിനിമയുടെ മാറുന്ന മുഖമായി മാറി. അവന്റെ വളര്‍ച്ച എന്നെ ഒരു വേട്ടമൃഗമാക്കി മാറ്റി. സിനിമാസാഹിത്യ ചര്‍ച്ചകളില്‍ എനിക്ക്‌ കൊന്ന്‌ കൊലവിളിക്കാന്‍ പുതിയ ഇരയെ കിട്ടി.
അവന്റെ വളര്‍ച്ചയിലല്ല എനിക്ക്‌ അസൂയ അവന്റെ ആ സിനിമ മഴയോടുള്ള എന്റെ പ്രണയത്തെ ഇല്ലായ്‌മ ചെയ്‌തതിലാണെന്ന്‌്‌ മദ്യപിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ച്‌ കൊണ്ടിരുന്നു.
*******************************************
ഇടവേളകളില്ലാതെ കുരുവിക്കൂടും വിഷ്‌ണുവും- എന്ന ചലചിത്രം ഞാനെന്ന പ്രൊജക്ടറില്‍ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു. അപ്പോള്‍ തിരശ്ശീലമാത്രം പ്രകാശിക്കുകയും കാണി അന്തവും അറ്റവുമില്ലാത്ത ഭ്രാന്തമായ ഇരുട്ടില്‍ മുങ്ങി കിടക്കുകയും ചെയ്‌തു.

Friday 25 May 2012

മത്സ്യകന്യകകളുടെ പ്രവാചകന്‍

ക്‌ണിം.......ക്‌ണിം, ബെല്ല്‌ താളത്തിലടിച്ച്‌ കൊണ്ട്‌ അബൂട്ടി വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. അയ്‌ല, മത്തി, പൂവോയ്‌.............അയാള്‍ ഈണത്തില്‍ വിളിച്ചു പറയുന്നത്‌ കേട്ടാണ്‌ മത്സ്യങ്ങള്‍ അവസാനമായി കടല്‌ കാണുന്നത്‌. കൊട്ടയുടെ മതിലുകള്‍ തകര്‍ത്ത്‌ പുറത്തേക്ക്‌ നീന്താന്‍ മീനുകള്‍ ചെതുമ്പലുകള്‍ വിടര്‍ത്തും.ആര്‍ത്തിരമ്പുന്ന തിരമാലകള്‍ മീനുകളെ മാടി വിളിക്കും. പക്ഷെ അസ്‌തമയത്തിന്റെ മങ്ങിയ നിറം കണ്ണുകളില്‍ മരണഭയം കലര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അബൂട്ടിയുടെ ഇമ്പമാര്‍ന്ന സ്വരം ഒഴുകി നടന്നു. അയ്‌ല, മത്തി, പൂവോയ്‌......ആ കൂക്കി വിളിയില്‍ ഒരു കടല്‍ നുരഞ്ഞ്‌ പൊന്തുന്നതായി മീനുകള്‍ക്ക്‌ തോന്നി. അവര്‍ ആഴങ്ങളിലേക്ക്‌ മുങ്ങാംകുഴിയിട്ടു. ജലത്തില്‍ കണ്ണുഹകളടച്ച്‌ അവ നീന്താന്‍ തുടങ്ങി.പവിഴപ്പുറ്റുകളില്‍ മെത്തയൊരുക്കി അവ ക്രീഢകളില്‍ മുഴുകി. പ്രണയത്തിന്റെ നീലവെളിച്ചം കടലാകെ പരക്കുന്നത്‌ പോലെ തോന്നി. അപ്പോള്‍ അബൂട്ടിയുടെ മീനുകള്‍ ജനിസ്‌മൃതിയുടെ വര്‍ണ്ണലോകത്ത്‌ മദിച്ചു നടന്നു. കൊട്ടയില്‍ കയ്യിട്ട്‌ പൊക്കിയെടുക്കുമ്പോള്‍ തിരമാലകളുടെ ചിറകേറി പറക്കുന്നത്‌ പോലെയാണ്‌ അവയ്‌ക്ക്‌ തോന്നിയത്‌. പക്ഷെ മൂര്‍ച്ചയുള്ള തിളങ്ങുന്ന കത്തി കഴുത്തില്‍ തുളച്ച്‌ കയറിയപ്പോഴാണ്‌ തങ്ങള്‍ മരിച്ചവരാണെന്ന്‌ അബൂട്ടിയുടെ മീനുകള്‍ ഓര്‍ത്തത്‌. അബൂട്ടി മത്സ്യജീവിതങ്ങളെ കുറിച്ച്‌ ചിന്തിക്കുന്നത്‌ ഇപ്രകാരമാണ്‌.
ഒരുപാട്‌ മനുഷ്യര്‍ക്കിടയില്‍ അബൂട്ടിയും മകളും ജീവിച്ചിരുന്നു. ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ദൈവത്തെ പോലെയായിരുന്നു അവര്‍, മുക്കുവനായിട്ടും കടലില്‍ പോവാത്ത ആളായിരുന്നു അയാള്‍. ആര്‍ത്തിരമ്പുന്ന കടലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെട്ടത്‌ മയങ്ങി കിടക്കുന്ന കരയെ ആയിരുന്നു. അബൂട്ടിയുടെ കുടിലിന്‌ ചുറ്റും കടല്‍ പോലെ മാലിന്യങ്ങള്‍ ആയിരുന്നു. തുറ മുഴുവന്‍ മാലിന്യത്താല്‍ മൂടപ്പെട്ടിരിക്കുന്നു. മറ്റുള്ളവര്‍ക്ക്‌ ചപ്പു ചവറുകള്‍ നിക്ഷേപിക്കാനുള്ള ഒരു വലിയ പത്തായത്തിന്റെ വശം ചേര്‍ന്ന്‌ കിടക്കുന്ന അറയായിട്ടാണ്‌ അയാള്‍ക്ക്‌ തന്റെ വീടും പരിസരവും അനുഭവപ്പെട്ടത്‌. നാറ്റത്തിന്റെ പരിധി വിട്ടതിനു ശേഷം മൂക്കിന്‌ പ്രശ്‌നങ്ങളില്ലാതെയായിരിക്കുന്നു. കഞ്ഞി കുടിക്കുമ്പോള്‍ ഓക്കാനം വരുന്നത്‌ നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നത്‌ കൊണ്ട്‌ ഒരു കോപ്പ കഞ്ഞി മോന്തിക്കുടിച്ച്‌ അബൂട്ടി എഴുന്നേറ്റു. കൈ കഴുകിക്കൊണ്ട്‌ നില്‍ക്കുമ്പോള്‍ അയാള്‍ മീനുകള്‍ കൊട്ടയില്‍ കിടന്നു പിടയുന്ന ശബ്ദം കേട്ടു. അയാള്‍ സൈക്കിളെടുത്ത്‌ ആഞ്ഞു ചവിട്ടി. അബൂട്ടി മീന്‍വില്‍ക്കാന്‍ പോകുമ്പോള്‍ ഫാത്തിമ തനിച്ചാകും. ഉപ്പ ഇല്ലാത്ത നേരങ്ങളില്‍ അവളെ പിടികൂടുന്ന ആഴി ആഞ്ഞടിക്കാന്‍ തുടങ്ങും.
ഉപ്പയുടെ അസാന്നിദ്ധ്യത്തില്‍ ഉണ്ടാവാറുള്ള നിരാശ അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന്‌ മനസ്സിലാക്കിയപ്പോള്‍ ഫാത്തിമ പ്രണയിക്കാന്‍ തുടങ്ങി. അവള്‍ പ്രകാശനുമൊത്തുള്ള ജീവിതം സ്വപ്‌നം കണ്ടു. സ്വപ്‌നങ്ങളില്‍ ഒരു മത്സ്യകന്യകയായി അവള്‍ നീന്തി തുടിച്ചു, ആഴങ്ങള്‍ കീഴടക്കി. ആകാശവും കടലും ഒന്നാകുന്ന പുലര്‍ച്ചയ്‌ക്ക്‌ പ്രണയത്തിന്റെ നീലിമ ചുറ്റുംപരക്കുമ്പോള്‍ മത്സ്യകന്യക കരയിലേക്ക്‌ കയറി വരും. കടല്‍തീരത്ത്‌ ഒറ്റയ്‌ക്കിരിക്കുന്ന യുവാവുമായി അവള്‍ ചിപ്പിക്കുള്ളിലേക്ക്‌ മടങ്ങും. പ്രകാശനെ ചിപ്പിക്കുള്ളില്‍ സുക്ഷിക്കാന്‍ ഫാത്തിമയുടെ കണ്ണുകള്‍ ആഗ്രഹിച്ചു. അവള്‍ തന്റെ ശരീരത്തിലൂടെ വിരലുകള്‍ പായിച്ചു. കാലുകളുടെ സ്ഥാനത്ത്‌ ചെതുമ്പലുകള്‍ മുളച്ചതായി അവള്‍ക്ക്‌ തോന്നി. മൂര്‍ച്ചയേറിയ കത്തി ശരീരത്തിലൂടെ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഫാത്തിമ അലമുറയിട്ട്‌ കരഞ്ഞു. ശരീരത്തില്‍ നിന്നും ചോരപൊടിയാന്‍ തുടങ്ങി.
**********
അബൂട്ടിയുടെ മീന്‍കൊട്ട പതിവില്ലാതെ കാലിയായി കിടന്നു. സര്‍ക്കാര്‍ ആശുപത്രിയുടെ സിമന്റ്‌ തറയില്‍ മകള്‍ക്ക്‌ കൂട്ടിരുന്നു. ചീഞ്ഞളിഞ്ഞ വൃണങ്ങളില്‍ ഈച്ചകള്‍ ഓടിനടന്നു. ഫാത്തിമയുടെ ചെതുമ്പലുകള്‍ക്കിടയിലൂടെ മാംസം തുറിച്ച്‌ നില്‍ക്കുന്നത്‌ നോക്കി വെള്ളമിറക്കുന്ന ഈച്ചകളുടെ കഴുകന്‍ കണ്ണുകള്‍ കണ്ട്‌ അബൂട്ടി ഞെട്ടി. അവയെ കടലാസ്‌ വിശറി കൊണ്ട്‌ ആട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു അയാളുടെ വിധി. നിസ്സഹായനായ പിതാവിന്റെ മുമ്പിലിട്ട്‌ മകളെ ഒരുകൂട്ടം ആളുകള്‍ ബലാത്സംഗം ചെയ്യുന്നത്‌ പോലെ ഈച്ചകള്‍ ഫാത്തിമയുടെ ശരീരത്തെ പങ്കിട്ടെടുത്തു. അബൂട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, മുറിവില്‍ ഉപ്പുവെള്ളം തട്ടി നീറാന്‍ തുടങ്ങിയപ്പോള്‍ ഫാത്തിമ ഉപ്പയെ ദയനീയമായി നോക്കി. മകളുടെ കണ്ണില്‍ മരണത്തിന്റെ തിര കണ്ട്‌ അയാള്‍ നടുങ്ങി. തന്റെ കണ്ണുകള്‍ മരുഭൂമി പോലെ വരണ്ട്‌ പോകുന്നതായി അയാള്‍ക്ക്‌ തോന്നി.
കഫം ചെയ്‌ത്‌ വെള്ളത്തുണിയില്‍ പൊതിഞ്ഞെടുത്ത ഫാത്തിമയെ ഖബറിലേക്ക്‌ എടുത്തു വെച്ചപ്പോള്‍ മരണം അവളെ ഋതുമതിയാക്കി. മരണത്തിന്റെ വെള്ളത്തുണിയില്‍ തീണ്ടാരിയുടെ ചുവപ്പ്‌ രാജി പടര്‍ന്നു.
***********
വറുതിയുടെ നാളുകളില്‍ തുറയില്‍ വീശിയടിക്കാന്‍ തുടങ്ങി. കടലില്‍ പോയ അരയന്‍മാര്‍ക്ക്‌ മെലിഞ്ഞ്‌ മുള്ളുന്തിയ മത്തിയല്ലാതെ മറ്റൊന്നും ലഭിച്ചില്ല.
"ഉപ്പാ, നിങ്ങ മീന്‍ വിക്കാമ്പോണില്ലേ?"
നുമ്മടെ മീനൊന്നും ഇപ്പൊ ആര്‍ക്കും വേണ്ടാടി മകാളെ"
എന്നും പറഞ്ഞ്‌ കൊണ്ട്‌ അബൂട്ടി മകളുടെ മുഖത്തേക്ക്‌ നോക്കി. അവളുടെ സ്ഥാനത്ത്‌ അയാള്‍ കടലമ്മയെ കണ്ടു.
"നുമ്മടെ മീന്‍ വാങ്ങാനും ആളുണ്ടാവും. ഉപ്പ ഇന്ന്‌ കടലീ പോകണം, നുമ്മക്ക്‌ കൈ നെറയെ മീന്‍ കിട്ടും കേട്ടാ നല്ല പെടക്ക്‌ണ മീന്‌"
അവളുടെ അവളുടെ വാക്കുകള്‍ അയാളുടെ കാതുകളിലേക്ക്‌ ഒരു പുഴയായി ഒഴുകി. കണ്ണുകളിലേക്ക്‌ ജലം ശക്തിയായി തെറിച്ച്‌ വീഴുന്നത്‌ പോലെ തോന്നിയപ്പോള്‍ അബൂട്ടി കണ്ണുകള്‍ ഇറുക്കിയടച്ചു. കുറച്ചു സമയം അയാള്‍ തന്നിലേക്ക്‌ ഉള്‍വലിഞ്ഞു. കണ്ണ്‌ തുറന്നപ്പോള്‍ തന്നെ ആശ്വസിപ്പിച്ച മകളുടെ അസാന്നിദ്ധ്യം അയാളെ വീര്‍പ്പ്‌ മുട്ടിച്ചു. അബൂട്ടി ഒഴിഞ്ഞ കൊട്ടയിലേക്ക്‌ നോക്കി നെടുവീര്‍പ്പിട്ടു.
'ഇനി വരുന്നൊരു തലമുറയ്‌ക്ക്‌
ഇവിടെ വാസം സാദ്ധ്യമോ
മലിനമായൊരു ജലാശയം
അതി മലിനമായൊരു ഭൂമിയും'
തുറയെ മാലിന്യവിമുക്തമാക്കാന്‍ ഇറങ്ങിയവരുടെ സമരപന്തലില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന പാട്ടില്‍ ലയിച്ച്‌ അബൂട്ടി ഇരുന്നു. അയാളുടെ മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരുന്നു. ആദ്യമായി കടലില്‍ പോകാന്‍ തയ്യാറെടുക്കുന്ന മുക്കുവന്റെ അവേശവും ആഹ്ലാദവും അയാളില്‍ തിരതല്ലി. നഗ്നമായ വയറും തിളങ്ങുന്ന നാഭിത്തടവും കാട്ടി സമുദ്രം അയാളെ പ്രലോഭിപ്പിച്ചു. അടങ്ങാത്ത ആസക്തിയോടെ അയാള്‍ ഇറങ്ങി നടന്നു.
തോണിയുടെ തലപ്പ്‌ കരയില്‍ നിന്നും അപ്രത്യക്ഷമായി. അബൂട്ടി ശൂന്യതയില്‍ ലയിച്ചു ചേര്‍ന്നത്‌ പോലെ കരയ്‌ക്ക്‌ തോന്നി. നടുക്കടലില്‍ ഉപ്പയെ കാത്ത്‌ ഫാത്തിമ നില്‍പുണ്ടായിരുന്നു. ഉപ്പയുടെ വള്ളങ്ങളിലേക്ക്‌ അവള്‍ സ്വര്‍ണ്ണമത്സ്യങ്ങളെ വലിച്ചെറിഞ്ഞു. മീനുകള്‍ വഞ്ചിയില്‍ കിടന്ന്‌ നീന്താന്‍ തുടങ്ങി. അബൂട്ടി സന്തോഷം കൊണ്ട്‌ പൊട്ടിച്ചിരിച്ചു. അയാളുടെ ചിരിയില്‍ കടലിന്റെ ആഴം ദര്‍ശിച്ച വാനം അല്‍ഭുതം കൊണ്ട്‌ ചുവന്നു. ആകാശത്തിന്റെ തുടിപ്പ്‌ കണ്ട അബൂട്ടിയ്‌ക്ക്‌ ജീവിതത്തോട്‌ വല്ലാത്ത ആസക്തി തോന്നി. സ്വര്‍ണ്ണമത്സ്യങ്ങളെ വിറ്റ്‌ കാശുണ്ടാക്കാന്‍ അയാളുടെ മനസ്സ്‌ വെമ്പി. മകളുടെ മരണവും തന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഏകാന്തതയും അയാളില്‍ നിന്നും മാഞ്ഞുപോയി. സൂര്യപ്രഭയുള്ള ഒരു ജീവിതത്തെ അയാള്‍ ആഗ്രഹിച്ചു. സുന്ദരികളായ ഭാര്യമാരും തോഴികളുമൊത്തുള്ള വശ്യമായ ജീവിതം അബൂട്ടിയില്‍ നുരപൊന്തി. അയാള്‍ കരയിലേക്ക്‌ ആവേശത്തോടെ തുഴഞ്ഞു.
സ്വര്‍ണ്ണ മീന്‍ വേണോ, സ്വര്‍ണ മീന്‍..... അബൂട്ടിയുടെ ശബ്ദം യാന്ത്രികമായി മുഴങ്ങിക്കേട്ട്‌ കൊണ്ടിരുന്നു. മീന്‍ വാങ്ങാന്‍ അയാളുടെ അടുത്തെത്തിയവര്‍ ചീഞ്ഞുനാറിയ മത്തികളെ കണ്ട്‌ ദേഷ്യപ്പെട്ടു. അവര്‍ അബൂട്ടിയോട്‌ കയര്‍ക്കാന്‍ തുടങ്ങി. ആളുകള്‍ അബൂട്ടിക്ക്‌ വട്ടാണെന്ന്‌ വിധിയെഴുതി. കുട്ടികള്‍ അയാളെ കല്ലെറിഞ്ഞു. സ്വര്‍ണ്ണമത്സ്യങ്ങളെ ആരും വാങ്ങിയില്ലെങ്കിലും രാവിലെയും വൈകീട്ടും വില്‌പനയ്‌ക്കിറങ്ങുന്നത്‌ അബൂട്ടി പതിവാക്കി. ചവിട്ടിച്ചവിട്ടി സൈക്കിളിന്റെ പിടലുകള്‍ ഊരിത്തെറിച്ചു പോയി. മാറിയകാലത്ത്‌ മോട്ടോര്‍സൈക്കിളില്‍ സ്വര്‍ണ്ണമീനുകളെ കൊണ്ട്‌ നടന്ന്‌ വില്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും കച്ചവടം നടക്കാത്തത്‌ മൂലം ഒരു ചായ കുടിക്കാന്‍ പോലും അയാള്‍ക്ക്‌ കഴിഞ്ഞില്ല.
ഒട്ടിയ വയറും ആടുന്ന കാലുകളുമായി അബൂട്ടി കടപ്പുറത്തേക്ക്‌ നടന്നു. ഫാത്തിമ സമ്മാനിച്ച മീനുകള്‍ അയാള്‍ക്ക്‌ ഒരു ഭാരമായിരിക്കുന്നു. തലയ്‌ക്ക്‌ മുകളില്‍ ഈച്ചകള്‍ വട്ടമിട്ട്‌ പറക്കുന്നുണ്ട്‌. സ്വര്‍ണ്ണമത്സ്യങ്ങളുടെ കണ്ണുകള്‍ കൊത്തിതിന്നാനെത്തിയ ഈച്ചകളെ അയാള്‍ ഉച്ചത്തില്‍ തെറി പറഞ്ഞുകൊണ്ടിരുന്നു. തിര കാലുകളെ സ്‌പര്‍ശിച്ചപ്പോള്‍ അബൂട്ടിക്ക്‌ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആശ്വാസം അനുഭവപ്പെട്ടു. ശരീരത്തില്‍ ചെതുമ്പലുകള്‍ മുളക്കുന്നത്‌ പോലെ അയാള്‍ക്ക്‌ തോന്നി. കടലിലൂടെ ഒഴുകി നടക്കാന്‍ അയാള്‍ തയ്യാറെടുത്തു. ആര്‍ക്കും വേണ്ടാത്ത മീനുകളെ മകളോട്‌ തിരിച്ചെടുക്കാന്‍ പറഞ്ഞ്‌ അയാള്‍ മീന്‍കൊട്ട കടലിലേക്ക്‌ വലിച്ചെറിഞ്ഞു.
കടലിനടിയിലെ കൊട്ടാരത്തില്‍ നിന്നും വയസ്സനായ ദൈവത്തിന്റെ കൈകള്‍ തനിക്ക്‌ നേരെ നീളുന്നത്‌ കണ്ട അബൂട്ടി തിരകള്‍ക്ക്‌ മുകളിലൂടെ നടന്നു. അയാളുടെ ശരീരം ഗുല്‍മോഹര്‍ പോലെ പൂത്തുലഞ്ഞു. ബോധോദയം ലഭിച്ച അബൂട്ടി തന്റെ ജനതയെ മാലിന്യങ്ങളില്‍ നിന്നും കരകയറ്റാനും അവര്‍ക്ക്‌ പാലും തേനും ഒഴുകുന്ന സ്വര്‍ഗരാജ്യം നല്‍കണെമന്നും ദൈവത്തോട്‌ ആവശ്യപ്പെട്ടു.ദൈവത്തിന്റ അനുഗ്രഹം അബൂട്ടിയുടെ ജനതയ്‌ക്ക്‌ മേല്‍ വര്‍ഷിക്കപ്പെട്ടു. തിരമാലകള്‍ തുറയെ ശുദ്ധീകരിച്ചു. അബൂട്ടിയുടെ ജനത പവിഴപ്പുറ്റുകളില്‍ മെത്തയൊരുക്കി രതിലീലകളില്‍ ഏര്‍പ്പെട്ടു. ചിപ്പിക്കുള്ളില്‍ ഹൃദയം അഴുക്കാകാതെ അവര്‍ സൂക്ഷിച്ചു. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും നഗ്നത മത്സ്യങ്ങള്‍ ചുംബിച്ചു പവിത്രമാക്കി. അരയ്‌ക്ക്‌ താഴെ ചെതുമ്പലുകള്‍ മുളച്ച്‌ പൊന്തി അവര്‍ കടല്‍ ജീവികളായി രൂപാന്തരപ്പെട്ടു. നൂറ്റാണ്ടുകളോളം കടലിനടിയിലെ പറുദീസയില്‍ സസുഖം വാണു. ഒരിക്കല്‍ മനുഷ്യജന്മത്തിന്‌ വേണ്ടിയുള്ള അടക്കാനാവാത്ത ആഗ്രഹത്താല്‍ ഒരുവന്‍ തിരിച്ചറിവിന്റെ കനി ഭക്ഷിച്ചു. അന്നേ ദിവസം കടല്‍ ഉള്‍വലിഞ്ഞു. അവിടെ ഒരു വലിയ കുന്നുണ്ടായി മനുഷ്യജന്മത്തിന്റെ പഴം കഴിച്ചവനും അവന്റെ തോഴിയും അവരുടെ സന്തതി പരമ്പരകളും അവിടെ ജനിച്ച്‌ ജീവിച്ച്‌ മരിച്ചു പോയി.
ചരിത്രം ആ കുന്നിനെ അയ്‌ലക്കുന്നെന്നും അവിടത്തെ കുളത്തിനെ അയ്‌ലക്കുളമെന്നും രേഖപ്പെടുത്തി.
************
സൂര്യനുദിക്കുമുന്‍പ്‌ കുളത്തില്‍ മുങ്ങാം കുഴിയിടുന്നവര്‍ അയ്‌ലകളെ കണ്ടു മുട്ടാറുണ്ട്‌. അവ കടലിന്റെ ആഴമന്വേഷിച്ച്‌ ഇപ്പോഴും കുളത്തില്‍ അലഞ്ഞ്‌ നടക്കുന്നു. അവയില്‍ ഇനി സ്‌മൃതിയുടെ ദുഖവും ഘനീഭവിച്ചതായി   കണ്ട്‌ ശ്വാസം മുട്ടുമ്പോഴാണ്‌ ആളുകള്‍ മുങ്ങി നിവരാറുള്ളത്‌. മുതിര്‍ന്നവര്‍ക്കൊപ്പം കുളിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക്‌ കുളകരയില്‍ നിന്ന അപൂര്‍വ്വമായി കക്കതോചുകള്‍ കിട്ടാറുണ്ട്‌. അവ ചെവിയോടു ചേര്‍ത്തുവെയ്‌ക്കുമ്പോള്‍ ഉള്ളിലൊളുപ്പിച്ചുവെച്ച കടലിരമ്പം കേട്ട്‌ കുട്ടികള്‍ അല്‍ഭുതപ്പെടും. സമുദ്രത്തിന്റെ അടിത്തട്ടുകളെ കുറിച്ച്‌ പവിഴപ്പുറ്റിനകത്തെ ദൈവത്തിന്റെ കൊട്ടാരത്തെ കുറിച്ച്‌ അവ കുട്ടികളോട്‌ വാ തോരാതെ സംസാരിക്കും.
മീന്‍കാരന്‍ അബൂട്ടിയുടെ കഥയും അയ്‌ലക്കുന്നിന്റെ ജനനരഹസ്യവും കുട്ടികളറിഞ്ഞത്‌ കക്കത്തോടുകള്‍ പറഞ്ഞ കഥ കേട്ടാണ്‌. അയ്‌ലക്കുന്നിന്റെ ഉച്ചിയില്‍ നിന്നാല്‍ കുന്നിന്റെ കാലില്‍ കടല്‍ വന്ന്‌ തലോടുന്നത്‌ കാണാം എന്ന്‌ കക്കത്തോടുകള്‍ പറയുന്നത്‌ കേട്ട്‌ കുട്ടികള്‍ കുന്നിന്റെ മണ്ടയിലേക്ക്‌ ഓടിക്കയറാറുണ്ട്‌. ഞാനും ഒരുപാട്‌ പ്രാവശ്യം അങ്ങനെ ഓടിക്കയറിയിട്ടുണ്ട്‌.
end
സമര്‍പ്പണം : കണ്ണൂരിലെ പെട്ടിപ്പാലം നിവാസികള്‍ക്ക്‌, എന്റെ അയ്‌ലക്കുന്നിന്‌, എനിക്ക്‌ ഈ കഥ പറഞ്ഞ്‌ തന്ന കക്കത്തോടിന്‌........................... 

Thursday 15 March 2012

കാത്തിരിപ്പ്‌

ഊര്‍മ്മിള വാലിട്ട്‌ കണ്ണെഴുതി.....................
മഴികളില്‍ കാത്തിരിപ്പിന്റെ തിളക്കം വര്‍ദ്ധിച്ചു. മേശപ്പുറത്ത്‌ വെച്ചിരുന്ന കണ്ണാടിയില്‍ അവള്‍ അമ്മയെ കണ്ടു. അമ്മയുടെ മുഖം ആല്‍ബങ്ങളില്‍ മാത്രം കണ്ടുശീലിച്ച അവള്‍ക്ക്‌ ബന്ധങ്ങളോട്‌ സര്‍വ്വാധിപത്യപുച്ഛം അനുഭവപ്പെട്ടു. അച്ഛനുമമ്മയ്‌ക്കും ചേച്ചിയോടായിരുന്നു കൂടുതല്‍ ഇഷ്ടം. അവളുടെ ഓരോ പിറന്നാളും അച്ഛന്‍ ആഘോഷത്തോടെ കൊണ്ടാടുന്നതും അമ്മ അതെല്ലാം ഓര്‍മ്മകളാക്കി സൂക്ഷിക്കുന്നതും ഊര്‍മ്മിളയെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നതായി അവളുടെ ഓര്‍മ്മകള്‍ രേഖപ്പെടുത്തി. അമ്മ അച്ഛനില്‍ നിന്നും ചേച്ചിയില്‍ നിന്നും അകന്നപ്പോള്‍ തന്റെ കുഞ്ഞുമനസ്സ്‌ സന്തോഷിച്ചിരുന്നു. എങ്കിലും ചേച്ചിയോട്‌ അകാരണമായ ഒരു വെറുപ്പ്‌ പിടികൂടിയിരുന്നതായി അവള്‍ക്ക്‌ തോന്നി. ആല്‍ബങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ക്കിടയില്‍ ബാല്യം തെരയുന്ന അസ്വസ്ഥതയില്‍ നിന്ന്‌ അച്ഛനെ ചേച്ചിയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ആഗ്രഹിച്ചിരുന്ന നാളുകളിലേക്ക്‌ ഊര്‍മ്മിള മടങ്ങിപ്പോയി. അച്ഛന്‍ ചേച്ചിയെ കുളിപ്പിക്കുന്നതും പൊട്ട്‌ തൊടീക്കുന്നതുമെല്ലാം ആല്‍ബത്തില്‍ ഉപ്പിട്ട്‌ സൂക്ഷിച്ചിട്ടുള്ളതായി അനുഭവപ്പെട്ട്‌ വായില്‍ ക്രമാധീതമായി ഉമിനീര്‍ അവള്‍ ഊറ്റിക്കുടിച്ചു. അമ്മയുടെ മരണശേഷം തന്നിലെ കുട്ടി വളരും തോറും അച്ഛന്റെ സ്‌നേഹവും വളര്‍ന്ന്‌ വന്നത്‌ ഊര്‍മ്മിള അറിഞ്ഞു.
ഊര്‍മ്മിള കണ്ണാടിയില്‍ നോക്കി മുടി ചീകാന്‍ തുടങ്ങി..............
നിശാശലഭത്തിന്റെ ചിറക്‌ പോലെ മുടി തിളങ്ങുന്നതായി അവള്‍ക്ക്‌ തോന്നി. കണ്ണുകളില്‍ അപാരമായ ഊര്‍ജം തെളിഞ്ഞ്‌ കണ്ടു. അമ്മയുടെ നിറഞ്ഞചിരി ചുണ്ടുകളില്‍ പടര്‍ന്നുകയറുന്നത്‌ ഊര്‍മ്മിള അറിഞ്ഞു. തന്റെ ശരീരവും പ്രതിബിംബവും ഒന്നായി തീര്‍ന്ന്‌ ഉമാമഹേശ്വരി എന്ന തന്റെ അമ്മ പുനര്‍ജനിക്കുന്നത്‌ അവള്‍ അറിഞ്ഞു. ആദ്യമായി താനൊരു പെണ്ണായത്‌ പോലെ അവള്‍ക്കപ്പോള്‍ അനുഭവപ്പെട്ടു. ഋതുമതിയായ ചെമ്പരത്തിയോട്‌ അവള്‍ക്ക്‌ പ്രണയം തോന്നി. പെരുവിരലിന്റെ തുമ്പ്‌ ഭൂമിയെ അമര്‍ത്തി ചുംബിച്ചു. ഊര്‍മ്മിളയുടെ ശരീരം ചെറുതായൊന്ന്‌ തരിച്ചു. അവള്‍ ആലില പോലെ വിറച്ചു. ആകാശത്ത്‌ നിന്നും വൈദ്യുതകണങ്ങള്‍ ഭൂമിയിലേക്ക്‌ പുറപ്പെട്ടു. ഇടിവെട്ടി മഴപെയ്‌തു. എങ്ങും ഇരുട്ട്‌. അന്ധകാരം കണ്ണുകളെ കീഴ്‌പ്പെടുത്തുന്നു. ഊര്‍മ്മിളയപ്പോള്‍ മഹേശ്വരന്‍ എന്ന തന്റെ പിതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
ഊര്‍മ്മിളയുടെ കണ്ണുകളില്‍ കണ്‍മഷി പടരുകയും കണ്ണീര്‍ ചാലിടുകയും ചെയ്‌തു. ഇരുട്ടില്‍ നിന്നും രക്ഷപ്പെടാന്‍ അവള്‍ ഒരു മെഴുകുതിരി എടുത്ത്‌ കത്തിച്ചു. മെഴുകുതിരിയുടെ ഇത്തിരി വെട്ടത്തില്‍ അവളുടെ പ്രതിബിംബം പ്രകാശിച്ചു. കവിളില്‍ ബാക്കിയായ നനവ്‌ തൂവാലകൊണ്ട്‌ തൂത്ത്‌ തുടച്ച്‌ വൃത്തിയാക്കി. പൗഡറിന്റെ നൈര്‍മല്ല്യം അവളുടെ രോമങ്ങളെ മാര്‍ദ്ദവമാക്കി. അവളുടെ മുഖം വൈദ്യുതവിളക്ക്‌ പോലെ തെളിഞ്ഞ്‌ കത്തി. തന്റെ ഭംഗി ആവോളം ആസ്വദിച്ചശേഷം ഊര്‍മ്മിള മേശപ്പുറത്ത്‌ നിന്നും ഒരു പുസ്‌തകം എടുത്തു. മെഴുകുതിരി വലത്‌ കയ്യിലും പുസ്‌തകം ഇടതുകയ്യിലും പിടിച്ചുകൊണ്ട്‌ അവള്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ഊര്‍മ്മിള കോണികയറാന്‍ തുടങ്ങിയപ്പോള്‍ മെഴുകുതിരിയെ അണച്ച്‌ കൊണ്ട്‌ വൈദ്യുതവിളക്കുകള്‍ പ്രകാശിച്ചു.അവള്‍ ബാല്‍ക്കണിയില്‍ ഇരിപ്പുറപ്പിച്ചു. വായിക്കാനെടുത്ത പുസ്‌തകത്തിലൂടെ കണ്ണുകള്‍ അലസമായി സഞ്ചരിച്ചു. ആകാശത്ത്‌ നിന്നും നക്ഷത്രങ്ങള്‍ താഴെ വരാത്തത്‌ അവളെ മൂകയാക്കി. അച്ഛന്റെ കാറ്‌ പോര്‍ട്ടിക്കോയിലേക്ക്‌ ഇരമ്പിക്കയറി. ആടിയാടി കൊണ്ട്‌ അകത്തേക്ക്‌ കയറിയ കോലത്തെ താങ്ങിപിടിച്ച്‌്‌ കൊണ്ട്‌ പോകുന്ന ചേച്ചിയെ ഊര്‍മ്മിള ദൈവത്തെ പോലെ ഒരു ഹൈ ആങ്കിള്‍ ഷോട്ടില്‍ നോക്കി നിന്നു. തന്റെ നില്‍പ്പിനെ തിരക്കഥാരൂപത്തിലാക്കി വായിക്കാന്‍ പഠിപ്പിച്ച അരുണിനെ അവള്‍ക്കപ്പോള്‍ ഓര്‍മ്മ വന്നു. തിരക്കഥയെ ഷൂട്ടിങ്ങ്‌ സ്‌ക്രിപ്‌റ്റാക്കി മാറ്റുമ്പോള്‍ ഷോട്ട്‌ ഡിവൈഡ്‌ ചെയ്യാന്‍ പഠിപ്പിച്ചത്‌ അരുണാണ്‌. ഏതാനം മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഒരു ചലചിത്രപഠനക്യാമ്പില്‍ വെച്ച്‌ അരുണിനെ പരിചയപ്പെടുമ്പോള്‍ തമ്മില്‍ ഇത്രവേഗം അടുക്കുമെന്ന്‌ ഊര്‍മ്മിള സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇന്നലെ, അവനുമൊന്നിച്ച്‌ ജീവിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ അവന്റെ കൈകള്‍ അടിവയറിനെ തഴുകാന്‍ തുടങ്ങിയപ്പോള്‍ ഊര്‍മ്മിള എഴുന്നേറ്റ്‌ പോയില്ല. അച്ഛന്റെ വിരലുകള്‍ ചലിക്കാന്‍ തുടങ്ങുമ്പോള്‍ എഴുന്നേറ്റ്‌ പോയി ബാല്‍ക്കണിയില്‍ കിടക്കാറുള്ളത്‌ പോലെ അരുണിന്റെ പ്രലോഭനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അവളുടെ മനസ്സ്‌ വെമ്പിയെങ്കിലും ശരീരം സമ്മതിച്ചില്ല. അല്ല, ഞാന്‍ വെറും ശരീരം മാത്രമല്ല. അവളുടെ ചുണ്ടുകള്‍ പുലമ്പിക്കൊണ്ടിരുന്ന വാക്കുകള്‍ക്ക്‌ കുറിയേടത്തെ കാറ്റിന്റെ ചൂടുണ്ടായിരുന്നു.
അരുണിനെ കുറിച്ച്‌ ഓര്‍ത്തപ്പോള്‍ ഊര്‍മ്മിളയുടെ ശരീരം വാകമരം പോലെ പൂത്തുലഞ്ഞു. കാറ്റില്‍ കാച്ചിയ എണ്ണയുടെയും താളിയുടെയും നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു. കാമത്തിന്റെ ഉന്മാദലഹരി ഊര്‍മ്മിളയുടെ നയനങ്ങളില്‍ കത്തിപടരാന്‍ തുടങ്ങി. മകളില്‍ അവളുടെ അമ്മയെ കാണുന്നവന്‌ വഴങ്ങി കൊടുക്കാന്‍ ഊര്‍മ്മിള തീരുമാനിച്ചു. കുടിച്ച്‌ ബോധം കെട്ട്‌ കിടന്ന്‌ ഞെരങ്ങുന്ന അച്ഛനെ ഊര്‍മ്മിള സൂക്ഷിച്ച്‌ നോക്കി.മദ്യത്തിന്റെ ഒരുപാട മാത്രമേ അയാളില്‍ അവശേഷിച്ചിരുന്നുള്ളു, ബോധംപോയി എന്ന്‌ തനിക്ക്‌ വെറുതെ തോന്നിയതാണെന്ന്‌ വിളക്കുകള്‍ തെളിച്ചപ്പോഴാണ്‌ ഊര്‍മ്മിളയ്‌ക്ക്‌ മനസ്സിലായത്‌. മുറിയില്‍ പരന്ന മഞ്ഞ വെളിച്ചം മണിയറയുടെ അന്തരീക്ഷം സൃഷ്ടിച്ചു. മഹേശ്വരന്റെ കഷണ്ടി കയറിയ തലയുടെ സ്ഥാനത്ത്‌ അരുണിന്റെ എണ്ണമയമുള്ള മുടിയും മനോഹരമായ മുടിയും പ്രത്യക്ഷപ്പെട്ടു. വെളിച്ചം നഷ്ടപ്പെട്ട കണ്ണുകള്‍ പെട്ടന്ന്‌ പ്രകാശിക്കുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി. കരുത്തുറ്റ കൈകള്‍ തന്നെ തലോടുന്നത്‌ പോലെ അനുഭവപ്പെട്ട്‌ അവളുടെ ശരീരം ലോലമായി. ഊര്‍മ്മിള അച്ഛന്റെ മാറില്‍ അപ്പൂപ്പന്‍താടി പോലെ പറ്റിപിടിച്ചു. കാറ്റുപോലെ അയാളുടെ ശരീരത്തെ തഴുകി കൊണ്ട്‌ അവള്‍ കടന്ന്‌ പോയി. രോമകൂപങ്ങള്‍ക്ക്‌ തീപിടിപ്പിക്കുന്ന മാന്ത്രികത ഉറങ്ങുന്ന അവളുടെ വിരലുകള്‍ അയാളിലെ മദ്യത്തെ ചോര്‍ത്തി കളഞ്ഞു. അയാളുടെ കണ്ണുകള്‍ ആര്‍ത്തിയോടെ തിളങ്ങി. ഊര്‍മിള സ്‌നേഹത്തോടെ മഹേശ്വരന്റെ കവിളില്‍ തലോടി. തുടര്‍ന്ന്‌ ഇടതു വശത്തേക്ക്‌ ചെരിഞ്ഞ്‌ അവള്‍ കയ്യെത്തിച്ചു. കട്ടിലിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന മേശപ്പുറത്ത്‌ തളികയില്‍ ആപ്പിളുകള്‍ക്ക്‌ മുകളില്‍ വെച്ചിരുന്ന കത്തി കയ്യിലെടുത്ത്‌ അവള്‍ മൂര്‍ച്ച നോക്കി.
മാന്തളിന്റെ തോല്‌ ഉരിയുന്നത്‌ പോലെ കത്തികൊണ്ട്‌്‌ അയാളുടെ അരക്കെട്ടില്‍ അവള്‍ മാംസദാഹം തീര്‍ത്തു. തോല്‌ വേര്‍പ്പെട്ട മാന്തളിന്റെ പച്ചമാംസം പോലെ അയാളുടെ ലിംഗം ചോരവാര്‍ത്ത്‌ കൊണ്ട്‌ നിന്നു. ചോരകഴുകി കളഞ്ഞ്‌ കുട്ടയിലേക്കിട്ട്‌, അടുക്കളയില്‍ കൊണ്ടുപോയി ഉപ്പും മുളകും ചേര്‍ത്ത്‌ മണ്‍കലത്തിലിട്ട്‌ വേവിച്ച്‌ കൂട്ടാന്‍ അവളുടെ രസമുകുളങ്ങള്‍ക്ക്‌ കൊതി തോന്നി. ഇറച്ചി തിന്ന്‌ വിശപ്പടക്കി ചോരകുടിച്ച്‌ തൃപ്‌തിയടയുന്ന കുറുക്കന്‍നാവ്‌ പുറത്തേക്ക്‌ നീട്ടി ഊര്‍മ്മിള മുഖത്തേക്ക്‌ തെറിച്ച ചുടുചോര നക്കിയെടുത്തു. ചോരത്തുള്ളികളില്‍ കാലുകള്‍ ഉറപ്പിച്ച്‌ കൊണ്ട്‌ അധികാരഭാവത്തില്‍ ഊര്‍മ്മിള കോണിപ്പടികളിറങ്ങി. മുറിയിലേക്ക്‌ നടന്ന വഴിയത്രയും ചോരപ്പാട്‌ കൊണ്ട്‌ കാല്‍പാദം അടയാളപ്പെടുത്തി. ഇറ്റിവീണ ചുവന്ന മഞ്ഞുതുള്ളികള്‍ പെറുക്കിയെടുത്ത്‌ അവള്‍ കണ്ണാടിയില്‍ ഞാന്‍ വെറും ശരീരം മാത്രമല്ലെന്ന്‌ എഴുതി വെച്ചു. കണ്ണാടിയില്‍ നിന്നും സുഗന്ധം പരന്നു.
മുട്ടുസൂചി ചൂണ്ടുവിരലിന്റെ കന്യാചര്‍മ്മത്തെ പ്രണയപൂര്‍വ്വം തഴുകിമാറ്റി. പ്രണയത്തിന്റെ കടുംവര്‍ണ്ണത്തില്‍ ഊര്‍മ്മിള കണ്ണാടിയില്‍ ശപഥവാക്യം കുറിച്ചിട്ടു. ഉമാമഹേശ്വരി തന്നില്‍ ജന്മമെടുക്കുന്നത്‌ അവള്‍ അറിഞ്ഞു. മേശവലിപ്പില്‍ നിന്നും അവള്‍ കുറിയേടത്ത്‌ താത്രിയുടെ ജീവചരിത്രം എടുത്ത്‌ വായിക്കാന്‍ തുടങ്ങി.
കണ്ണാടിയില്‍ പതിച്ച്‌ വെച്ചിരുന്ന സ്റ്റിക്കര്‍ പൊട്ടെടുത്ത്‌ കുത്തി ഊര്‍മ്മിള ചന്തം നോക്കി. കയ്യില്‍ കറിക്കത്തിയും വാലിട്ടെഴുതിയ കണ്ണില്‍ കാമവുമൊളിപ്പിച്ച്‌ ഊര്‍മ്മിള കണ്ണാടിയ്‌ക്ക്‌ മുമ്പില്‍ അച്ഛനെ കാത്തിരുന്നു.

Friday 20 January 2012

മഴ



പ്രണയത്തിന്റെ   ഭിക്ഷാപാത്രം
ഞാന്‍ നിനക്ക് നേരെ നീട്ടിയപ്പോള്‍
നീ തന്ന അവഗണയുടെ ചില്ലറത്തുട്ട്
എന്റെ ശവകുടീരത്തില്‍
മറവ് ചെയ്യാന്‍ ഒസ്യത്ത്
എഴുതി വെച്ചിട്ടുണ്ട്.
തെണ്ടികളുടെ മരണം
ശവക്കുഴിപോലുമില്ലാത്തവരാണെന്ന
തിരിച്ചറിവാണ് നല്‍കുന്നത്
ഞാന്‍ യാത്രയാകുമ്പോള്‍
നീ കരയരുത്.
മണ്ണില്‍ മഴത്തുള്ളികള്‍
പതിക്കുമ്പോള്‍ എനിക്ക് വേദനിക്കും,
മഴ നിന്റെ കണ്ണീരാണെന്ന്
മരിച്ചെങ്കിലും എനിക്ക് അറിയാം.

Tuesday 17 January 2012

തെരുവ് നായയും അല്‍സേഷ്യന്‍ പട്ടിയും

ബാദുഷ സുന്ദരനായ തെരുവ് നായയാണ്. മറ്റെല്ലാ തെരുവ് നായക്കളുടെയും പോലെ ചില്ലറ അലവലാതിത്തരമൊക്കെ കയ്യിലുള്ളവനാണ് ബാദുഷയും. തടിച്ച് വളഞ്ഞ വാലും കൂര്‍ത്ത പല്ലുകളും ചുവന്ന് കലങ്ങിയ കണ്ണുകളും അവനിലെ സൗന്ദര്യത്തെ ജ്വലിപ്പിച്ചു നിറുത്തി. നഗരത്തിലെ പണച്ചാക്കുകള്‍ മാത്രം താമസിക്കുന്ന മോഡേണ്‍ വില്ലയുടെ കിഴക്കുള്ള ചേരിയിലാണ് ബാദുഷയുടെ താമസം. തെരുവ് നായക്കളുടെയും തെണ്ടികളുടെയും ഹൗസിങ്ങ് കോളനിയായ ആ ചേരിയിലെ കിരീടം വെക്കാത്ത രാജാവാണ് നമ്മുടെ കഥാനായകനായ ബാദുഷ. അവനെ നോക്കി കടക്കണ്ണെറിയാത്ത കൊടിച്ചി പട്ടികള്‍ ചേരിയില്‍കുറവാണ്. കണ്ണടിച്ച് കാണിക്കുന്നവരെ ഒരിക്കലും ബാദുഷ നിരാശരാക്കാറില്ല. അവന്‍ അവിടുത്തെ ഒരുവിത്തുകാളയാണെന്നത് പരസ്യമായ  ഒരു രഹസ്യമാണ് കേട്ടോ
ബാദുഷ പതിവായി കിടക്കാറുള്ളത് കള്ളന്‍ കുമാരന്റെ ഇറയത്താണ്. കുമാരന്റെ വീടിന് തൊട്ടുമുന്‍പിലാണ് ലോട്ടറി ഗോപാലന്റെ വീട്. പകല് മുഴുവന്‍ ലോട്ടറി വില്‍ക്കുകയും, രാത്രി തെരഞ്ഞെടുത്ത വീടുകളില്‍ കള്ളന്‍ കുമാരനൊപ്പം കവര്‍ച്ച നടത്തുന്നതുമാണ് ഗോപാലന്റെ തൊഴില്‍. ഗോപാലന്റെ ഇറയത്താണ് ചേരിയിലെ പട്ടി റാണി ശാന്തയുടെ കിടപ്പ്. ശാന്തയുടെ ചന്തിയില്‍ നോട്ടമിടാത്ത നായിന്റെ മക്കള്‍ ചേരിയില്‍ ഇല്ലെന്ന് പറയാം. അവളുടെ തുടുത്ത് വളഞ്ഞ രോമാവൃതമായ വാലില്‍ ചുംബിക്കാന്‍ പല പുരുഷകേസരികളും ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട് എന്നതാണ് ചരിത്രം. ചേരിയിലെ സകല നായിന്റെ മക്കളുടെയും ഉറക്കം കെടുത്തുന്ന ശാന്തയുടെ ഉറക്കം സ്ഥിരമായി കെടുത്താനുള്ള യോഗം ബാദുഷയ്ക്ക് മാത്രമേ ഉണ്ടായിട്ടുള്ളു.
കന്നി മാസം ആയതുകൊണ്ട് ശാന്തയോടൊപ്പം ഒന്ന് കിടക്കണം എന്നു കരുതി നേരത്തെ ചേരിയിലേക്ക് വെച്ച് പിടിച്ചതാണ് ബാദുഷ. മോഡേണ്‍ വില്ലയുടെ പരിസരത്ത് നല്ല എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടുമെന്ന് കണാരന്‍ നായ പറഞ്ഞത് കൊണ്ട് പോയതാണ്. അവന്‍ പറഞ്ഞത് ശരിയായിരുന്നു. നല്ല മുഴുത്ത എല്ലിന്‍ കഷ്ണങ്ങള്‍ വയറ് നിറച്ച് കഴിക്കാന്‍ പറ്റി. എല്ലില്‍ പറ്റിപിടിച്ച ഇറച്ചിയുടെ സ്വാദ് നാവില്‍ നിന്നും വിട്ട് പോയിട്ടില്ല എന്നത് ബാദുഷയെ ഉന്മേഷവാനാക്കി. നല്ല ഭക്ഷണം നല്‍കിയ ഉത്തേജനം ശാന്തയുടെ ദേഹത്ത് തീര്‍ക്കാന്‍ തീര്‍ക്കാന്‍ തിടുക്കപ്പെട്ട് പോകുമ്പോളാണ് അവന്‍ മാളൂട്ടിയെ കാണുന്നത്. ശരീരം മുഴുവന്‍ ചെമ്പന്‍ രോമങ്ങളുള്ള അല്‍സേഷ്യന്‍ പട്ടിയുടെ നയനങ്ങള്‍ തെരുവ് നായയെ വലിച്ചടുപ്പിച്ചു. സായാഹ്നത്തിലെ സൂര്യവെളിച്ചം അവളുടെ രോമങ്ങളില്‍ തട്ടി പ്രതിഫലിച്ചു. ബാദുഷ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവന്റെ നോട്ടം അവള്‍ക്ക് പിടിക്കാഞ്ഞിട്ടോ എന്തോ, അവള്‍ പെട്ടന്ന് തല വെട്ടിച്ചു. സരസ്വതി നിലയത്തിലെ കൊച്ചമ്മയുടെ പെറ്റായ തന്നെ ഒരു തെരുവ് നായ നോക്കുന്നതിലെ വൈരുദ്ധ്യം അവളെ ശുണ്ഠി പിടിപ്പിച്ചിരിക്കണം. യജമാനത്തിയുടെ മടിയില്‍ നിന്നും ചാടിയിറങ്ങി മൂരി നിവര്‍ത്തിയ മാളൂട്ടി ബാദുഷയെ നോക്കി കുരച്ചു. ഗൈറ്റിന്റെ അഴികള്‍ക്കിടയിലൂടെ മാളൂട്ടിയുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരുന്ന ബാദുഷ ആ കുര കേട്ട് ഞെട്ടി തരിച്ചു. ആദ്യമായിട്ടാണ് ഒരു പട്ടീടെമോള്‍ തന്നെ നോക്കി കുരക്കുന്നതെന്ന് അവന്‍ ഓര്‍ത്തു. തന്നെ ഗൗനിക്കാതെ അകത്തേക്ക് പോയ മാളൂട്ടിയെ നോക്കി ഗൈറ്റിന് വെളിയില്‍ നിന്ന് ബാദുഷ ഒരു പ്രണയഗാനം ആലപിച്ചു, ബൗ......ബൗ...........ബൗ....................
                                          *******
ഇന്ന് നേരത്തെ എത്താം എന്ന് പറഞ്ഞ് പോയ ബാദുഷയെ കാണാഞ്ഞ് ശാന്തയാകെ അസ്വസ്ഥയായി. വാലും പൊക്കി പിടിച്ച് അവള്‍ തെക്ക് വടക്ക് നടന്നു. സമയം ഒച്ചിനെ പോലെ ഇഴയുന്നതായി അവള്‍ക്ക് തോന്നി. രാത്രിയുടെ ഏതോ യാമത്തില്‍ ഏറ് കൊണ്ട കിഴവന്‍ നായയെ പോലെ തല താഴ്ത്തി കൊണ്ട് ബാദുഷ എത്തി. ശാന്ത അവനെ നോക്കി പ്രേമപരവശയായി വാലാട്ടി. നിലാവെളിച്ചത്തില്‍ അവളുടെ വാല് സ്വര്‍ണ്ണം പോലെ തിളങ്ങി. അവള്‍ അവനെ നോക്കി മധുരമായൊന്ന് കുരച്ചു. അവന്‍ അവളെ കണ്ടില്ലെന്ന് നടിച്ചു. അവളുടെ മധുരഗീതം കേള്‍ക്കാന്‍ നില്‍ക്കാതെ ബാദുഷ കുമാരന്റെ ഇറയത്ത് ചുരുണ്ട് കൂടി. ചന്ദ്രനെ കാര്‍മേഘം വന്ന് മൂടി. നിലാവ് അസ്തമിച്ചപ്പോള്‍ ആകാശം കരയാന്‍ തുടങ്ങി. ചാഞ്ഞ് പതിക്കുന്ന രാത്രി മഴയെ നോക്കി ശാന്ത ഓരിയിട്ടു.

  *******
കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും ബാദുഷയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവന്‍ രാത്രിമഴയുടെ പാട്ട് ഏറ്റുപാടി, ബൗ.........ബൗ..............ബൗ................. ആകാശത്ത് നിന്നും ഉതിര്‍ന്ന് വീഴുന്ന ഓരോ മഴത്തുള്ളിയിലും അവന്‍ മാളൂട്ടിയുടെ മുഖം കണ്ടു. ശാന്തയുടെ ചന്തിയേക്കാള്‍ ഭംഗിയുള്ള ചന്തിയില്‍ ഒരു മുത്തം കൊടുക്കാന്‍ അവന്‍ ആഗ്രഹിച്ചു. തെരുവ് നായയുടെ സ്വപ്നങ്ങളങ്ങനെ അതിരുകളില്ലാതെ സഞ്ചരിച്ചു. നേരം വെളുക്കുന്നതിന് മുന്നെ ബാദുഷ ചേരി വിട്ടിറങ്ങി. അവന്റെ മനസ്സ് മുഴുവന്‍ മാളൂട്ടിയായിരുന്നു. അപ്പോഴും ചാറിക്കൊണ്ടിരിക്കുന്ന മഴ ബാദുഷയുടെ ചെവിയില്‍ ഒരു പ്രണയഗാനം ആലപിച്ചു. മഴപ്പാട്ട് അവനിലെ കാമുകനെ ഉണര്‍ത്തി. അവന്‍ പതിയെ സരസ്വതി നിലയം ലക്ഷ്യമാക്കി നടന്നു.
ബാദുഷയുടെ ചുണ്ടില്‍ ഒരു ഗസലിന്റെ ഈരടി തത്തി കളിച്ചു, ബൗ..........ബൗ...........ബൗ...............ബൗ........
അവന്റെ പാട്ട് കാറ്റ് കൊണ്ട് പോയി മാളൂട്ടിയുടെ കാതില്‍ ഈണത്തോടെ പാടി കേള്‍പ്പിച്ചു. അവന്‍ സരസ്വതി നിലയത്തിന്റെ മുമ്പില്‍ നിന്ന് പ്രണയഗാനം ആലപിച്ച് കൊണ്ടിരുന്നു. മഴക്കൊപ്പം ബാദുഷയുടെ ഗസലിന്റെ താളവും പെയ്‌തൊഴിഞ്ഞു. അന്തരീക്ഷത്തില്‍ നിശബ്ദത തളം കെട്ടി. നിരാശനായി ബാദുഷ തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. സങ്കടം കവിളിലൂടെ ഒലിച്ചിറങ്ങി. നടക്കുന്നതിനിടയില്‍ അവന്‍ ഒരിക്കല്‍ കൂടി ഓരിയിട്ടു. ഇത്തവണ അവന്റെ ഗസലിനൊപ്പം മാളൂട്ടിയും പാടി, ബൗ.........ബൗ.......ബൗ........ബൗ......... ബാദുഷ സര്‍വ്വശക്തിയുമെടുത്ത് തിരിഞ്ഞോടി. അവന്‍ സരസ്വതി നിലയത്തിന്റെ മതിലെടുത്ത് ചാടി.
*****
ബാദുഷ മാളൂട്ടിയുടെ കണ്ണുകളില്‍ നോക്കി. കന്നി മാസത്തില്‍ കൊടിച്ചി പട്ടികളുടെ കണ്ണില്‍ കാണാറുള്ള കാമമല്ല മറ്റെന്തോ ആണ് അവളുടെ കണ്ണുകളിലെന്ന് അവന് തോന്നി. അവളുടെ മിഴികളില്‍ തീവ്രതയോടെ തിളങ്ങുന്ന ഈ വികാരത്തെയാണോ പ്രണയം എന്ന് വിളിക്കുക, അവന് അറിയില്ലായിരുന്നു. പക്ഷെ, ആദ്യമായി അവളെ ദൂരെ നിന്ന് കണ്ടപ്പോഴും നയനങ്ങളില്‍ തിളങ്ങിയത് ഈയൊരു വികാരം തന്നെയാണെന്ന് അവനുറപ്പുണ്ട്. മാളൂട്ടി പതിയെ തന്റെ വാലാട്ടി, അവള്‍ വാലു കൊണ്ട് അവനെ തലോടി. അവന്‍ അവളുടെ പൃഷ്ഠത്തില്‍ തുരുതുരാ ചുംബിച്ചു. മഴ വീണ്ടും ചാറാന്‍ തുടങ്ങി.സൂര്യനുദിച്ചിട്ടും ബാദുഷയും മാളൂട്ടിയും ഉണര്‍ന്നില്ല. പരസ്പരം അറിഞ്ഞതിലുള്ള ആനന്ദം അവരെ എഴുന്നേല്‍ക്കാന്‍ അനുവദിച്ചില്ല. ഇന്നലെ പെയ്ത മഴയുടെ തണുപ്പ് വിട്ടുമാറാത്തത് കൊണ്ട് അവള്‍ അവനോട് ചേര്‍ന്ന് കിടന്ന് മുരണ്ടു.

നേരം വെളുത്തപ്പോള്‍ ഹസ്‌ബെന്റിനുള്ള ബെഡ്‌കോഫി പോലും കൊടുക്കാതെ മാളൂട്ടിക്കുള്ള പാലുമായെത്തിയ സരസ്വതിയമ്മ മാളൂട്ടിയുടെ കൂടെ ഒരു തെരുവ് നായ കിടക്കുന്നത് കണ്ട് ഞെട്ടിത്തെറിച്ചു. തന്റെ മാളു ഒരു തെരുവ് നായക്കൊപ്പം കിടക്കുന്നത് കണ്ട അവര്‍ക്ക് കലി കയറി. കയ്യില്‍ കിട്ടിയ മുട്ടന്‍ വടി കൊണ്ട് അവര്‍ ബാദുഷയെ പൊതിരെ തല്ലി. ഞെട്ടിയുണര്‍ന്ന അവന്‍ മോങ്ങിക്കൊണ്ട് ഓടി. ബാദുഷയുടെ മോങ്ങലും സരസ്വതിയമ്മയുടെ ശകാരവും കേട്ടുണര്‍ന്ന മാളൂട്ടി പരിഭ്രമിച്ച് കൊണ്ട് ചുറ്റും നോക്കി. അവള്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ബാദുഷയുടെ മോങ്ങല്‍ ഒരു മുഴക്കത്തോടെ കുറേ നേരം കാതില്‍ തങ്ങി നിന്നു.
വിവരങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞെത്തിയ കാവല്‍ നായകള്‍ തെരുവ് നായകളുടെ വിശുദ്ധ പ്രണയ-യുദ്ധത്തെ കുറിച്ച് മുരണ്ടു കൊണ്ടിരുന്നു.
                                            End