Wednesday 27 June 2012

കുരുവിക്കൂടിന്റെ പതനവും ഒരു സിനിമയുടെ പിറവിയും

മഴയുടെ വജ്രത്തലപ്പ്‌ ഭൂമിയെ ആഴത്തില്‍ മുറിവേല്‍പിച്ച്‌ കൊണ്ട്‌ ചിതറി തെറിച്ചു. വിളക്കുകാലിന്‌ ചുവട്ടില്‍ മഴവെള്ളത്തോട്‌ പൊരുതി കൊണ്ട്‌ പകുതി പണികഴിഞ്ഞ കുരുവിക്കൂടും കാണപ്പെട്ടു. ശക്തിയോടെ ഒലിച്ച്‌ പോകുന്ന വെള്ളത്തോടൊപ്പം ഓടയിലേക്ക്‌ പോകാന്‍ മടിയുളള കിളിക്കൂട്‌ വിളക്കുകാലിനടിയില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരുന്നു. ഒടുവില്‍ കുരുവിക്കൂട്‌ തോല്‍ക്കുകയും ചകിരിനൂലും വാഴനാരും വേര്‍പ്പെട്ട്‌ തുന്നിക്കൂട്ടിയ മൃതദേഹം കണക്കെ അത്‌ ഓടയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്‌തു.
പുത്തന്‍ സ്ലേറ്റില്‍ കുട്ടി വരച്ച മഴയുടെ ചിത്രം പോലെ ആകാശം ഒരു ചെറുചതുരത്തില്‍ ഒതുങ്ങിപോയി. താഴെ ഒരു പൊട്ടുപോലെ ഇണക്കുരുവികള്‍ വിളക്കുകാലിന്‌ മുകളിലെ വൈദ്യുതകമ്പിയില്‍ ഇരുന്ന്‌ കരഞ്ഞു. മഴക്കൊപ്പം ഇണക്കുരുവികളുടെ കണ്ണീരും പാര്‍പ്പിടവും അലിഞ്ഞു ചേര്‍ന്നു.
പറന്ന്‌ പോകാന്‍ കഴിയാത്ത തണുപ്പ്‌ ചിറകുകളെ ബാധിച്ചത്‌ കൊണ്ട്‌ ആ കുരുവികള്‍ ഏറെ നേരം അവിടെ തന്നെ ഇരുന്നു. ഇല്ലായിരുന്നെങ്കില്‍ തങ്ങളുടെ നിസ്സഹായത പകര്‍ത്തിയ വിഷ്‌ണുവിന്റെ ക്യാമറയുടെ കറുത്തിരുണ്ട കൃഷ്‌ണമണിയെ അവര്‍ ആവേശത്തോടെ കൊത്തി തിന്നുമായിരുന്നു. മൂര്‍ച്ചയേറിയ അവരുടെ കൊക്കുകള്‍ രക്തതുള്ളികളാല്‍ കൂടുതല്‍ തിളക്കം വെക്കുമായിരുന്നു.
ബോധത്തിനും അബോധത്തിനും ഇടക്കുള്ള ചെറിയ ഇടവേളകള്‍ പോലും മഴയത്ത്‌ ഒലിച്ച്‌ പോയ കിളിക്കൂടും വിഷ്‌ണുവും കയ്യടക്കിയിരിക്കുന്നു.
*********************
അദ്യ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഛായാഗ്രാഹകനായി വിഷ്‌ണുവിനെ നിശ്ചയിക്കാന്‍ തീരുമാനിച്ചത്‌ കോളേജിലെ പരിചയം കാരണമായിരുന്നു. പഠനകാലത്ത്‌ ഒന്നിച്ച്‌ പങ്കുവെച്ച സിനിമാമോഹങ്ങള്‍ക്ക്‌ പിറകെ പോയി ഞാന്‍ സംവിധാനസഹായി ആയെങ്കില്‍ വിഷ്‌ണു സിനിയാഭൂപടത്തില്‍ ഒരിക്കലും അടയാളപ്പെടുത്താതെ നിലകൊള്ളുകയായിരുന്നു. സ്വന്തം സിനിമ ഒരു ചെറിയവെട്ടത്തില്‍ ഒരുക്കാനുള്ള ശ്രമം തുടങ്ങിപ്പഴേ ഞാന്‍ വിഷ്‌ണുവിനെ അന്വേഷിച്ചു. എന്റെ കണ്ണായി മാറാന്‍ അവന്‌ കഴിയും എന്നെനിക്ക്‌ ഉറപ്പുണ്ടായിരുന്നു.
കാഴ്‌ചയുടെ വ്യാകരണത്തെ പാടെ മറിച്ചുകളയുന്ന ഒരു സിനിമയായിരുന്നു മനസ്സ്‌ നിറയെ, സംഭാഷണം രേഖപ്പെടുത്തുന്ന കടലാസിന്റെ സഹായത്തില്‍ നിന്നും കുതറി മാറി എല്ലാ രംഗങ്ങളെയും അതിന്റെ തീവ്രതയില്‍ അടയാളപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. മദ്യപാനവും വ്യഭിചാരവും പ്രശ്‌നലവല്‍ക്കരിക്കുന്ന ചിത്രത്തില്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ സ്വന്തംരൂപത്തെ തിരശ്ശീലയില്‍ പ്രതിനിധീകരിക്കുകയും അവരെ മൂര്‍ത്തമായ ജീവിതാനുഭവിത്തിലൂടെ കടത്തിവിട്ട്‌ അവയെ ചലചിത്രമായി പരിവര്‍ത്തനം നടത്തുകയുമായിരുന്നു എന്റെ ലക്ഷ്യം. സമീപദൃശ്യത്തെ ഞാന്‍ വിദൂരദൃശ്യം കൊണ്ട്‌ നേരിടാന്‍ ശ്രമിക്കുകയും നിലനില്‍പ്പെന്ന മധ്യദൃശ്യത്തെ ഒഴിവാക്കി കളയാനും ഞാന്‍ ആഗ്രഹിച്ചു.
എന്നിലെ സിനിമാസംവിധായകനെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ആളായിരുന്നില്ല എന്റെ നിര്‍മ്മാതാവ്‌. നടീനടന്‍മാരെ എങ്ങനെ വേണമെങ്കിലും രൂപപ്പെടുത്തിയെടുക്കാമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലും ഞാനെന്തോ അപ്പോള്‍ ശക്തമായ ഒരു പിന്തുണ ആരില്‍ നിന്നോ ആഗ്രഹിച്ചു. എന്റെ ഈ ചിന്തയാണ്‌ മറവിയുടെ ഗര്‍ത്തത്തില്‍ നിന്നും വിഷ്‌ണുവിനെ പുറത്ത്‌ ചാടിച്ചത്‌.
പഠനകാലത്ത്‌ ഒരിക്കലും മദ്യപിച്ച്‌ കണ്ടിട്ടില്ലാത്ത വിഷ്‌ണുവിനെ ഒരു ബാറില്‍വെച്ച്‌ കണ്ടത്‌ അവിചാരിതമായിട്ടായിരുന്നു. എന്നത്തേയും പോലെ അവന്‍ അപ്പോഴും മദ്യപിച്ചിരുന്നില്ല. ഒപ്പംവന്ന ഏതോ കുടിയന്‍ ചങ്ങാതിക്ക്‌ കൂട്ടിരിക്കുകയായിരുന്നു. പണ്ട്‌ ഹോസ്‌റ്റലിലും പലപലബാറിലും അവനെനിക്ക്‌ കൂട്ടിരിക്കുകയും കിംക്കി ഡ്യൂക്കിന്റെയും ബര്‍ഗ്മാന്റെയും സിനിമകളെ കുറിച്ച്‌ വാതോരാതെ സംസാരിക്കുകയും ചെയ്‌തിരുന്നു. തേടി നടക്കുന്ന വള്ളിയെ കൃത്യമായി കണ്‍മുന്നിലെത്തിക്കുന്ന സ്ഥിരം തിരക്കഥാകൂട്ടിമുട്ടലുകള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ കണ്ട്‌ ഞാനൊരു വളിച്ച ചിരി ചിരിക്കുകയും വളി വിടുകയും ചെയ്‌തു. ബാറിന്റെ അരണ്ട വെളിച്ചത്തില്‍ വിഷ്‌ണുവിനെ തിരിച്ചറിഞ്ഞ ഞാന്‍ പിന്നീട്‌ എഴുതി വെക്കപ്പെട്ട തിരനാടകം പോലെ ഞങ്ങളുടെ പുനര്‍സമാമഗമത്തെ ആടിത്തീര്‍ത്തു.
എന്റെ ആദ്യസിനിമയുടെ ഷൂട്ടിങ്ങ്‌ കൃത്യസമയത്ത്‌ വളരെ വ്യക്തതയോടെ തുടങ്ങാന്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട്‌ എന്റെ മനസ്സിനെ എനിക്ക്‌ എന്തോ ഫിലിമില്‍ പകര്‍ത്താന്‍ കഴിയാത്ത അവസ്ഥ അനുഭവപ്പെട്ടു. അഭിനേതാക്കള്‍ എന്നെ പുച്ഛത്തോടെ നോക്കുന്നത്‌ പോലെ എനിക്ക്‌ അനുഭവപ്പെട്ടു. പീഢനത്തിനിരയായ പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണ്ണത ലഭിക്കാന്‍ അവളെ അത്തരം അവസ്ഥയിലൂടെ കടത്തിവിടണമെന്ന്‌ ഞാന്‍ വാശിപിടിച്ചപ്പോള്‍ മറ്റുള്ളവര്‍ കാണ്‍കേ എന്റെ കരണത്തടിച്ച്‌ വിഷ്‌ണു സിനിമാസ്‌റ്റെയില്‍ പ്രകടനം നടത്തി. ഒരിക്കലും ഒന്നുമാകാത്തവന്റെ ഫ്രസ്‌ട്രേഷന്‍കുടിയുടെ അളവ്‌ അതോടെ കൂടി. ആദ്യമെടുത്ത സീനുകളേക്കാള്‍ മോശമായി ഞാന്‍ സിനിമയെ പകര്‍ത്തി കൊണ്ടിരുന്നു. ഞാന്‍ ചെയ്യുന്നത്‌ ശുംഭത്തരമാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ വേഗം മനസ്സിലായെങ്കിലും ഞാനതൊരിക്കലും അംഗീകരിച്ച്‌ കൊടുത്തില്ല. എനിക്ക്‌ സിനിമ എടുക്കാന്‍ അറിവില്ലെന്ന തിരിച്ചറിവിനെ ഞാന്‍ മറ്റെന്തിനേക്കാളും ഭയപ്പെട്ടു. പതിനാറ്‌ കൊല്ലം നീളുന്ന മുഖ്യസംവിധാന സഹായിയുടെ വേഷം എന്നെ വല്ലാതെ മടുപ്പിക്കുകയും അകാരണമായ വെറുപ്പ്‌ ഉള്ളില്‍ നിറക്കുകയും ചെയ്‌തു. ഞാന്‍ അങ്ങനെയാണ്‌ വിജയികളാകുന്ന പുതുമുഖസംവിധായകരെ വെറുക്കാനും അവരുടെ ചിത്രങ്ങളെ അനാവശ്യ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമാക്കാനും തുടങ്ങിയത്‌. ഞാന്‍ മാത്രമാണ്‌ ശരി എന്റെ സിനിമാകാഴ്‌ചപ്പാടുകള്‍ മാത്രമാണ്‌ ശരി എന്ന നിലപാടുകളായിരുന്നു എന്നെ പരാജിതനാക്കിയത്‌്‌ എന്ന തിരിച്ചറിവിലേക്ക്‌ ഞാന്‍ എത്തിയപ്പോഴേക്കും എല്ലാം കൈവിട്ട്‌ പോയിരുന്നു. എന്നെ സഹിക്കാന്‍ കഴിയാതെ നിര്‍മാതാവും അഭിനേതാക്കളും വിട്ടുപോയ രാത്രി പുലര്‍ന്നപ്പോഴാണ്‌ കുരുവിക്കൂടും സംവിധായകനുമെന്ന പ്രശ്‌നം എന്നെ പിടികൂടിയത്‌. അന്നു മുതല്‍ മഴയെ ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ മഴയെ വെറുക്കാന്‍ തുടങ്ങി.
മദ്യത്തിന്റെ രുചി നാവില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുപോയിരുന്നില്ല അപ്പോഴേക്കും സൂര്യപ്രകാശം ഭൂമിയിലേക്ക്‌ പതിക്കുകയും പതിയെ എന്റെ കണ്ണുകളില്‍ നിന്നും ഉറക്കത്തേയും തലച്ചോറില്‍ നിന്നും ഉന്മാദത്തേയും ചോര്‍ത്തി കളഞ്ഞിരുന്നു. വിഷ്‌ണു ഒഴികെ ആരെയും ഞാനവിടെ കണ്ടില്ല. സിനിമ മുടങ്ങിപോയതിനെ കുറിച്ച്‌ എന്റെ നിലയില്ലാത്ത്‌ വെള്ളമടിയെ കുറിച്ച്‌ അവനെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഞാനപ്പോള്‍ നന്നായൊന്ന്‌ മദ്യപിക്കുന്നതിനെ കുറിച്ച്‌ സ്വപ്‌നം കാണുകയായിരുന്നു. കുപ്പായകീശയുടെ സുരക്ഷിതത്തിലേക്ക്‌ യാചനയുടെ കൈ നീണ്ടെങ്കിലും നിരാശയായിരുന്നു ഫലം. വെയിലിന്റെ ചെറുനാമ്പ്‌ ഏല്‍ക്കാന്‍ പോലും അശക്തനായിരുന്നു ഞാനപ്പോള്‍. എനിക്ക്‌ വിഷ്‌ണു പറയുന്നതൊന്നും കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാതെ വരികയും ചെയ്‌തു. ഞാന്‍ വായില്‍ വന്ന മുട്ടന്‍ തെറി വിളിച്ച്‌ കൊണ്ടിരു്‌ന്നെങ്കിലും അവന്‍ പ്രകോപിതനാവാത്തത്‌ എന്നെ നിരാശപ്പെടുത്തി. പരാജയത്തിന്റെ എല്ലാ അലങ്കാരവും ഉള്‍ക്കൊള്ളുന്ന ഒരു ഹൈ ആങ്കിള്‍ ഷോട്ടിലെ കഥാപാത്രത്തെ പോലെ ഞാന്‍ ലോഡ്‌ജ്‌ മുറിയില്‍ നിന്നും പുറത്തിറങ്ങി.
ലോഡ്‌ജ്‌ മുറിയുടെ വരാന്തയില്‍ നിന്ന്‌ അലസമായ കാഴ്‌ചകള്‍ കണ്ടുകൊണ്ട്‌ താഴെയുള്ള തെരുവിനെ പുതിയരൂപത്തില്‍ അവതരിപ്പിക്കാന്‍ ഏത്‌ ഷോട്ട്‌ ഉപയോഗിക്കും എന്ന്‌്‌ ചിന്തിച്ച്‌ ഞാന്‍ എന്നെ തന്നെ മറന്ന്‌ നിന്നു. പെട്ടന്ന്‌ എനിക്കെന്തോ പൊട്ടി കരയണമെന്ന്‌ തോന്നി. പുറപ്പെട്ട്‌ വന്ന കണ്ണീര്‍തുള്ളികളെ വിരല്‍ തലപ്പുകള്‍ തടഞ്ഞു നിറുത്തി. കൈകളുടെ വിടവിലൂടെ ഞാനപ്പോള്‍ വിളക്കുകാലിന്റെ തുഞ്ചത്ത്‌ കൂടുകൂട്ടാന്‍ തുടങ്ങുന്ന രണ്ട്‌ കുരുവികളെ കണ്ടു. വാഴനാരും ചകിരി കഷ്‌ണങ്ങളുമായി അവര്‍ പറന്ന്‌ വരികയും വീണ്ടും വീണ്ടും അവ അനന്തതയിലേക്ക്‌ പറന്ന്‌്‌ പോകുകയും ചെയ്യുന്നു. ആദ്യമൊക്കെ നിര്‍വികാരതയോടെ ഇത്‌്‌ കണ്ടുനിന്ന എന്നിലേക്ക്‌ പതിയെ വല്ലാത്ത ഒരു ആഹ്ലാദം വന്ന്‌ നിറഞ്ഞു. വിളക്കുകാലിന്റെ തലപ്പത്ത്‌ കെട്ടുപിണഞ്ഞു കിടക്കുന്ന വയറുകള്‍ക്കിടയില്‍ കൂടുകൂട്ടാന്‍ കുരുവികള്‍ കാണിക്കുന്ന സൂക്ഷമതയും സര്‍ഗാത്മകതയും എന്നെ വല്ലാതെ സ്‌പര്‍ശിച്ചു. ഞാന്‍ അപ്പോള്‍ വിശപ്പെന്താണെന്ന്‌ അറിയുകയായിരുന്നു. ഞാന്‍ മുറിയിലേക്ക്‌ കയറി വിഷ്‌ണുവിനെ നോക്കി. അവനില്‍ നിന്നും ഉപദേശി ഇറങ്ങിപ്പോയതായി അറിഞ്ഞു. അവന്‍ കീശയില്‍ നിന്നും കാശെടുത്ത്‌ എന്റെ നേരെ നീട്ടി. ഒന്നും മിണ്ടാതെ ഞാനത്‌ വാങ്ങി കോണിപ്പടികളിറങ്ങി, ഇസ്‌മയില്‍ ഇക്കയുടെ ചായക്കടയിലേക്ക്‌.
രുചിയറിഞ്ഞ്‌ ഭക്ഷണം കഴിച്ച ശേഷം തിരിച്ച്‌ ലോഡ്‌ജിലെത്തിയപ്പോള്‍ വിഷ്‌ണു എന്റെ ഹാന്റീക്യാമില്‍ കുരുവികള്‍ കൂടുകൂട്ടുന്നത്‌ പകര്‍ത്തി കൊണ്ടിരിക്കുകയായിരുന്നു.
മഴക്കാലമാണ്‌ ഇന്നൊരു പെരുമഴപെയ്‌താല്‍ കുരുവിക്കൂട്‌ താഴെ വീഴും എങ്കില്‍ രക്ഷപ്പെട്ടു. എനിക്കൊരു ഗംഭീരഷോര്‍ട്ട്‌ ഫിലിം ചെയ്യാന്‍ പറ്റും. അവന്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ എനിക്ക്‌ വല്ലാത്ത മനം പുരട്ടലുണ്ടായി.
നീ ഇവിടെ നിന്ന്‌ ഷൂട്ട്‌ ചെയ്യ്‌ ഞാനൊന്ന്‌ പുറത്ത്‌ പോകുന്നു.
നിന്റെ കയ്യില്‍ കാശുണ്ടോ
ഇല്ല.
അവന്‍ കുറച്ച്‌ നൂറിന്റെ നോട്ടുകള്‍ എനിക്കുനേരെ നീട്ടി. പണം കൈപറ്റിയ ശേഷം തിരിഞ്ഞ്‌ പോലും നോക്കാതെ ഞാന്‍ നടന്നകന്നു.
പിന്നീട്‌ ഞാന്‍ വിഷ്‌ണുവിനെ കണ്ടിട്ടില്ല. അവനിന്ന്‌ അറിയപ്പെടുന്ന സംവിധായകനാണ്‌. ഞാനിപ്പോഴും പഴയപോലെ ഒരിക്കലും തീരാത്ത വെള്ളമടിയും സാഹിത്യസിനിമാചര്‍ച്ചകളുമായി ഞാന്‍ അലഞ്ഞ്‌ നടക്കുന്നു.
വിഷ്‌ണുവിന്റെ അടുത്ത്‌ നിന്ന്‌്‌ ഞാനന്ന്‌ പോയത്‌ നേരെ ബാറിലേക്കായിരുന്നു. അടിച്ച്‌ ഓഫായത്‌ കൊണ്ട്‌ അന്ന്‌ മഴ പെയ്‌തിരുന്നിരുന്നോ എന്നെനിക്ക്‌ ഉറപ്പില്ല. പക്ഷെ, അന്നവനെടുത്ത ഷോര്‍ട്ട്‌ ഫിലീമിന്‌ കോപ്പന്‍ഹേഗണില്‍ നടന്ന പരിസ്ഥിതി ഉച്ചകോടിയോടനുബന്ധിച്ച്‌ നടന്ന ഹ്രസ്വചിത്രങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വാര്‍ത്ത വായിച്ചപ്പോള്‍ അന്ന്‌്‌ മഴ പെയ്‌തിരുന്നെന്ന്‌ ഉറപ്പായി. ആ ചിത്രം അവന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീട്‌ ഏതാനം ഹ്രസ്വചിത്രങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറി വിഷ്‌ണു മലയാളസിനിമയുടെ മാറുന്ന മുഖമായി മാറി. അവന്റെ വളര്‍ച്ച എന്നെ ഒരു വേട്ടമൃഗമാക്കി മാറ്റി. സിനിമാസാഹിത്യ ചര്‍ച്ചകളില്‍ എനിക്ക്‌ കൊന്ന്‌ കൊലവിളിക്കാന്‍ പുതിയ ഇരയെ കിട്ടി.
അവന്റെ വളര്‍ച്ചയിലല്ല എനിക്ക്‌ അസൂയ അവന്റെ ആ സിനിമ മഴയോടുള്ള എന്റെ പ്രണയത്തെ ഇല്ലായ്‌മ ചെയ്‌തതിലാണെന്ന്‌്‌ മദ്യപിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ച്‌ കൊണ്ടിരുന്നു.
*******************************************
ഇടവേളകളില്ലാതെ കുരുവിക്കൂടും വിഷ്‌ണുവും- എന്ന ചലചിത്രം ഞാനെന്ന പ്രൊജക്ടറില്‍ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു. അപ്പോള്‍ തിരശ്ശീലമാത്രം പ്രകാശിക്കുകയും കാണി അന്തവും അറ്റവുമില്ലാത്ത ഭ്രാന്തമായ ഇരുട്ടില്‍ മുങ്ങി കിടക്കുകയും ചെയ്‌തു.

1 comment:

  1. മഴയുടെ വജ്രത്തലപ്പ്‌ ഭൂമിയെ ആഴത്തില്‍ മുറിവേല്‍പിച്ച്‌ കൊണ്ട്‌ ചിതറി തെറിച്ചു. വിളക്കുകാലിന്‌ ചുവട്ടില്‍ മഴവെള്ളത്തോട്‌ പൊരുതി കൊണ്ട്‌ പകുതി പണികഴിഞ്ഞ കുരുവിക്കൂടും കാണപ്പെട്ടു. ശക്തിയോടെ ഒലിച്ച്‌ പോകുന്ന വെള്ളത്തോടൊപ്പം ഓടയിലേക്ക്‌ പോകാന്‍ മടിയുളള കിളിക്കൂട്‌ വിളക്കുകാലിനടിയില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരുന്നു. ഒടുവില്‍ കുരുവിക്കൂട്‌ തോല്‍ക്കുകയും ചകിരിനൂലും വാഴനാരും വേര്‍പ്പെട്ട്‌ തുന്നിക്കൂട്ടിയ മൃതദേഹം കണക്കെ അത്‌ ഓടയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്‌തു.

    ReplyDelete