Friday 25 May 2012

മത്സ്യകന്യകകളുടെ പ്രവാചകന്‍

ക്‌ണിം.......ക്‌ണിം, ബെല്ല്‌ താളത്തിലടിച്ച്‌ കൊണ്ട്‌ അബൂട്ടി വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. അയ്‌ല, മത്തി, പൂവോയ്‌.............അയാള്‍ ഈണത്തില്‍ വിളിച്ചു പറയുന്നത്‌ കേട്ടാണ്‌ മത്സ്യങ്ങള്‍ അവസാനമായി കടല്‌ കാണുന്നത്‌. കൊട്ടയുടെ മതിലുകള്‍ തകര്‍ത്ത്‌ പുറത്തേക്ക്‌ നീന്താന്‍ മീനുകള്‍ ചെതുമ്പലുകള്‍ വിടര്‍ത്തും.ആര്‍ത്തിരമ്പുന്ന തിരമാലകള്‍ മീനുകളെ മാടി വിളിക്കും. പക്ഷെ അസ്‌തമയത്തിന്റെ മങ്ങിയ നിറം കണ്ണുകളില്‍ മരണഭയം കലര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അബൂട്ടിയുടെ ഇമ്പമാര്‍ന്ന സ്വരം ഒഴുകി നടന്നു. അയ്‌ല, മത്തി, പൂവോയ്‌......ആ കൂക്കി വിളിയില്‍ ഒരു കടല്‍ നുരഞ്ഞ്‌ പൊന്തുന്നതായി മീനുകള്‍ക്ക്‌ തോന്നി. അവര്‍ ആഴങ്ങളിലേക്ക്‌ മുങ്ങാംകുഴിയിട്ടു. ജലത്തില്‍ കണ്ണുഹകളടച്ച്‌ അവ നീന്താന്‍ തുടങ്ങി.പവിഴപ്പുറ്റുകളില്‍ മെത്തയൊരുക്കി അവ ക്രീഢകളില്‍ മുഴുകി. പ്രണയത്തിന്റെ നീലവെളിച്ചം കടലാകെ പരക്കുന്നത്‌ പോലെ തോന്നി. അപ്പോള്‍ അബൂട്ടിയുടെ മീനുകള്‍ ജനിസ്‌മൃതിയുടെ വര്‍ണ്ണലോകത്ത്‌ മദിച്ചു നടന്നു. കൊട്ടയില്‍ കയ്യിട്ട്‌ പൊക്കിയെടുക്കുമ്പോള്‍ തിരമാലകളുടെ ചിറകേറി പറക്കുന്നത്‌ പോലെയാണ്‌ അവയ്‌ക്ക്‌ തോന്നിയത്‌. പക്ഷെ മൂര്‍ച്ചയുള്ള തിളങ്ങുന്ന കത്തി കഴുത്തില്‍ തുളച്ച്‌ കയറിയപ്പോഴാണ്‌ തങ്ങള്‍ മരിച്ചവരാണെന്ന്‌ അബൂട്ടിയുടെ മീനുകള്‍ ഓര്‍ത്തത്‌. അബൂട്ടി മത്സ്യജീവിതങ്ങളെ കുറിച്ച്‌ ചിന്തിക്കുന്നത്‌ ഇപ്രകാരമാണ്‌.
ഒരുപാട്‌ മനുഷ്യര്‍ക്കിടയില്‍ അബൂട്ടിയും മകളും ജീവിച്ചിരുന്നു. ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ദൈവത്തെ പോലെയായിരുന്നു അവര്‍, മുക്കുവനായിട്ടും കടലില്‍ പോവാത്ത ആളായിരുന്നു അയാള്‍. ആര്‍ത്തിരമ്പുന്ന കടലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെട്ടത്‌ മയങ്ങി കിടക്കുന്ന കരയെ ആയിരുന്നു. അബൂട്ടിയുടെ കുടിലിന്‌ ചുറ്റും കടല്‍ പോലെ മാലിന്യങ്ങള്‍ ആയിരുന്നു. തുറ മുഴുവന്‍ മാലിന്യത്താല്‍ മൂടപ്പെട്ടിരിക്കുന്നു. മറ്റുള്ളവര്‍ക്ക്‌ ചപ്പു ചവറുകള്‍ നിക്ഷേപിക്കാനുള്ള ഒരു വലിയ പത്തായത്തിന്റെ വശം ചേര്‍ന്ന്‌ കിടക്കുന്ന അറയായിട്ടാണ്‌ അയാള്‍ക്ക്‌ തന്റെ വീടും പരിസരവും അനുഭവപ്പെട്ടത്‌. നാറ്റത്തിന്റെ പരിധി വിട്ടതിനു ശേഷം മൂക്കിന്‌ പ്രശ്‌നങ്ങളില്ലാതെയായിരിക്കുന്നു. കഞ്ഞി കുടിക്കുമ്പോള്‍ ഓക്കാനം വരുന്നത്‌ നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നത്‌ കൊണ്ട്‌ ഒരു കോപ്പ കഞ്ഞി മോന്തിക്കുടിച്ച്‌ അബൂട്ടി എഴുന്നേറ്റു. കൈ കഴുകിക്കൊണ്ട്‌ നില്‍ക്കുമ്പോള്‍ അയാള്‍ മീനുകള്‍ കൊട്ടയില്‍ കിടന്നു പിടയുന്ന ശബ്ദം കേട്ടു. അയാള്‍ സൈക്കിളെടുത്ത്‌ ആഞ്ഞു ചവിട്ടി. അബൂട്ടി മീന്‍വില്‍ക്കാന്‍ പോകുമ്പോള്‍ ഫാത്തിമ തനിച്ചാകും. ഉപ്പ ഇല്ലാത്ത നേരങ്ങളില്‍ അവളെ പിടികൂടുന്ന ആഴി ആഞ്ഞടിക്കാന്‍ തുടങ്ങും.
ഉപ്പയുടെ അസാന്നിദ്ധ്യത്തില്‍ ഉണ്ടാവാറുള്ള നിരാശ അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന്‌ മനസ്സിലാക്കിയപ്പോള്‍ ഫാത്തിമ പ്രണയിക്കാന്‍ തുടങ്ങി. അവള്‍ പ്രകാശനുമൊത്തുള്ള ജീവിതം സ്വപ്‌നം കണ്ടു. സ്വപ്‌നങ്ങളില്‍ ഒരു മത്സ്യകന്യകയായി അവള്‍ നീന്തി തുടിച്ചു, ആഴങ്ങള്‍ കീഴടക്കി. ആകാശവും കടലും ഒന്നാകുന്ന പുലര്‍ച്ചയ്‌ക്ക്‌ പ്രണയത്തിന്റെ നീലിമ ചുറ്റുംപരക്കുമ്പോള്‍ മത്സ്യകന്യക കരയിലേക്ക്‌ കയറി വരും. കടല്‍തീരത്ത്‌ ഒറ്റയ്‌ക്കിരിക്കുന്ന യുവാവുമായി അവള്‍ ചിപ്പിക്കുള്ളിലേക്ക്‌ മടങ്ങും. പ്രകാശനെ ചിപ്പിക്കുള്ളില്‍ സുക്ഷിക്കാന്‍ ഫാത്തിമയുടെ കണ്ണുകള്‍ ആഗ്രഹിച്ചു. അവള്‍ തന്റെ ശരീരത്തിലൂടെ വിരലുകള്‍ പായിച്ചു. കാലുകളുടെ സ്ഥാനത്ത്‌ ചെതുമ്പലുകള്‍ മുളച്ചതായി അവള്‍ക്ക്‌ തോന്നി. മൂര്‍ച്ചയേറിയ കത്തി ശരീരത്തിലൂടെ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഫാത്തിമ അലമുറയിട്ട്‌ കരഞ്ഞു. ശരീരത്തില്‍ നിന്നും ചോരപൊടിയാന്‍ തുടങ്ങി.
**********
അബൂട്ടിയുടെ മീന്‍കൊട്ട പതിവില്ലാതെ കാലിയായി കിടന്നു. സര്‍ക്കാര്‍ ആശുപത്രിയുടെ സിമന്റ്‌ തറയില്‍ മകള്‍ക്ക്‌ കൂട്ടിരുന്നു. ചീഞ്ഞളിഞ്ഞ വൃണങ്ങളില്‍ ഈച്ചകള്‍ ഓടിനടന്നു. ഫാത്തിമയുടെ ചെതുമ്പലുകള്‍ക്കിടയിലൂടെ മാംസം തുറിച്ച്‌ നില്‍ക്കുന്നത്‌ നോക്കി വെള്ളമിറക്കുന്ന ഈച്ചകളുടെ കഴുകന്‍ കണ്ണുകള്‍ കണ്ട്‌ അബൂട്ടി ഞെട്ടി. അവയെ കടലാസ്‌ വിശറി കൊണ്ട്‌ ആട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു അയാളുടെ വിധി. നിസ്സഹായനായ പിതാവിന്റെ മുമ്പിലിട്ട്‌ മകളെ ഒരുകൂട്ടം ആളുകള്‍ ബലാത്സംഗം ചെയ്യുന്നത്‌ പോലെ ഈച്ചകള്‍ ഫാത്തിമയുടെ ശരീരത്തെ പങ്കിട്ടെടുത്തു. അബൂട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, മുറിവില്‍ ഉപ്പുവെള്ളം തട്ടി നീറാന്‍ തുടങ്ങിയപ്പോള്‍ ഫാത്തിമ ഉപ്പയെ ദയനീയമായി നോക്കി. മകളുടെ കണ്ണില്‍ മരണത്തിന്റെ തിര കണ്ട്‌ അയാള്‍ നടുങ്ങി. തന്റെ കണ്ണുകള്‍ മരുഭൂമി പോലെ വരണ്ട്‌ പോകുന്നതായി അയാള്‍ക്ക്‌ തോന്നി.
കഫം ചെയ്‌ത്‌ വെള്ളത്തുണിയില്‍ പൊതിഞ്ഞെടുത്ത ഫാത്തിമയെ ഖബറിലേക്ക്‌ എടുത്തു വെച്ചപ്പോള്‍ മരണം അവളെ ഋതുമതിയാക്കി. മരണത്തിന്റെ വെള്ളത്തുണിയില്‍ തീണ്ടാരിയുടെ ചുവപ്പ്‌ രാജി പടര്‍ന്നു.
***********
വറുതിയുടെ നാളുകളില്‍ തുറയില്‍ വീശിയടിക്കാന്‍ തുടങ്ങി. കടലില്‍ പോയ അരയന്‍മാര്‍ക്ക്‌ മെലിഞ്ഞ്‌ മുള്ളുന്തിയ മത്തിയല്ലാതെ മറ്റൊന്നും ലഭിച്ചില്ല.
"ഉപ്പാ, നിങ്ങ മീന്‍ വിക്കാമ്പോണില്ലേ?"
നുമ്മടെ മീനൊന്നും ഇപ്പൊ ആര്‍ക്കും വേണ്ടാടി മകാളെ"
എന്നും പറഞ്ഞ്‌ കൊണ്ട്‌ അബൂട്ടി മകളുടെ മുഖത്തേക്ക്‌ നോക്കി. അവളുടെ സ്ഥാനത്ത്‌ അയാള്‍ കടലമ്മയെ കണ്ടു.
"നുമ്മടെ മീന്‍ വാങ്ങാനും ആളുണ്ടാവും. ഉപ്പ ഇന്ന്‌ കടലീ പോകണം, നുമ്മക്ക്‌ കൈ നെറയെ മീന്‍ കിട്ടും കേട്ടാ നല്ല പെടക്ക്‌ണ മീന്‌"
അവളുടെ അവളുടെ വാക്കുകള്‍ അയാളുടെ കാതുകളിലേക്ക്‌ ഒരു പുഴയായി ഒഴുകി. കണ്ണുകളിലേക്ക്‌ ജലം ശക്തിയായി തെറിച്ച്‌ വീഴുന്നത്‌ പോലെ തോന്നിയപ്പോള്‍ അബൂട്ടി കണ്ണുകള്‍ ഇറുക്കിയടച്ചു. കുറച്ചു സമയം അയാള്‍ തന്നിലേക്ക്‌ ഉള്‍വലിഞ്ഞു. കണ്ണ്‌ തുറന്നപ്പോള്‍ തന്നെ ആശ്വസിപ്പിച്ച മകളുടെ അസാന്നിദ്ധ്യം അയാളെ വീര്‍പ്പ്‌ മുട്ടിച്ചു. അബൂട്ടി ഒഴിഞ്ഞ കൊട്ടയിലേക്ക്‌ നോക്കി നെടുവീര്‍പ്പിട്ടു.
'ഇനി വരുന്നൊരു തലമുറയ്‌ക്ക്‌
ഇവിടെ വാസം സാദ്ധ്യമോ
മലിനമായൊരു ജലാശയം
അതി മലിനമായൊരു ഭൂമിയും'
തുറയെ മാലിന്യവിമുക്തമാക്കാന്‍ ഇറങ്ങിയവരുടെ സമരപന്തലില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന പാട്ടില്‍ ലയിച്ച്‌ അബൂട്ടി ഇരുന്നു. അയാളുടെ മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരുന്നു. ആദ്യമായി കടലില്‍ പോകാന്‍ തയ്യാറെടുക്കുന്ന മുക്കുവന്റെ അവേശവും ആഹ്ലാദവും അയാളില്‍ തിരതല്ലി. നഗ്നമായ വയറും തിളങ്ങുന്ന നാഭിത്തടവും കാട്ടി സമുദ്രം അയാളെ പ്രലോഭിപ്പിച്ചു. അടങ്ങാത്ത ആസക്തിയോടെ അയാള്‍ ഇറങ്ങി നടന്നു.
തോണിയുടെ തലപ്പ്‌ കരയില്‍ നിന്നും അപ്രത്യക്ഷമായി. അബൂട്ടി ശൂന്യതയില്‍ ലയിച്ചു ചേര്‍ന്നത്‌ പോലെ കരയ്‌ക്ക്‌ തോന്നി. നടുക്കടലില്‍ ഉപ്പയെ കാത്ത്‌ ഫാത്തിമ നില്‍പുണ്ടായിരുന്നു. ഉപ്പയുടെ വള്ളങ്ങളിലേക്ക്‌ അവള്‍ സ്വര്‍ണ്ണമത്സ്യങ്ങളെ വലിച്ചെറിഞ്ഞു. മീനുകള്‍ വഞ്ചിയില്‍ കിടന്ന്‌ നീന്താന്‍ തുടങ്ങി. അബൂട്ടി സന്തോഷം കൊണ്ട്‌ പൊട്ടിച്ചിരിച്ചു. അയാളുടെ ചിരിയില്‍ കടലിന്റെ ആഴം ദര്‍ശിച്ച വാനം അല്‍ഭുതം കൊണ്ട്‌ ചുവന്നു. ആകാശത്തിന്റെ തുടിപ്പ്‌ കണ്ട അബൂട്ടിയ്‌ക്ക്‌ ജീവിതത്തോട്‌ വല്ലാത്ത ആസക്തി തോന്നി. സ്വര്‍ണ്ണമത്സ്യങ്ങളെ വിറ്റ്‌ കാശുണ്ടാക്കാന്‍ അയാളുടെ മനസ്സ്‌ വെമ്പി. മകളുടെ മരണവും തന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഏകാന്തതയും അയാളില്‍ നിന്നും മാഞ്ഞുപോയി. സൂര്യപ്രഭയുള്ള ഒരു ജീവിതത്തെ അയാള്‍ ആഗ്രഹിച്ചു. സുന്ദരികളായ ഭാര്യമാരും തോഴികളുമൊത്തുള്ള വശ്യമായ ജീവിതം അബൂട്ടിയില്‍ നുരപൊന്തി. അയാള്‍ കരയിലേക്ക്‌ ആവേശത്തോടെ തുഴഞ്ഞു.
സ്വര്‍ണ്ണ മീന്‍ വേണോ, സ്വര്‍ണ മീന്‍..... അബൂട്ടിയുടെ ശബ്ദം യാന്ത്രികമായി മുഴങ്ങിക്കേട്ട്‌ കൊണ്ടിരുന്നു. മീന്‍ വാങ്ങാന്‍ അയാളുടെ അടുത്തെത്തിയവര്‍ ചീഞ്ഞുനാറിയ മത്തികളെ കണ്ട്‌ ദേഷ്യപ്പെട്ടു. അവര്‍ അബൂട്ടിയോട്‌ കയര്‍ക്കാന്‍ തുടങ്ങി. ആളുകള്‍ അബൂട്ടിക്ക്‌ വട്ടാണെന്ന്‌ വിധിയെഴുതി. കുട്ടികള്‍ അയാളെ കല്ലെറിഞ്ഞു. സ്വര്‍ണ്ണമത്സ്യങ്ങളെ ആരും വാങ്ങിയില്ലെങ്കിലും രാവിലെയും വൈകീട്ടും വില്‌പനയ്‌ക്കിറങ്ങുന്നത്‌ അബൂട്ടി പതിവാക്കി. ചവിട്ടിച്ചവിട്ടി സൈക്കിളിന്റെ പിടലുകള്‍ ഊരിത്തെറിച്ചു പോയി. മാറിയകാലത്ത്‌ മോട്ടോര്‍സൈക്കിളില്‍ സ്വര്‍ണ്ണമീനുകളെ കൊണ്ട്‌ നടന്ന്‌ വില്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും കച്ചവടം നടക്കാത്തത്‌ മൂലം ഒരു ചായ കുടിക്കാന്‍ പോലും അയാള്‍ക്ക്‌ കഴിഞ്ഞില്ല.
ഒട്ടിയ വയറും ആടുന്ന കാലുകളുമായി അബൂട്ടി കടപ്പുറത്തേക്ക്‌ നടന്നു. ഫാത്തിമ സമ്മാനിച്ച മീനുകള്‍ അയാള്‍ക്ക്‌ ഒരു ഭാരമായിരിക്കുന്നു. തലയ്‌ക്ക്‌ മുകളില്‍ ഈച്ചകള്‍ വട്ടമിട്ട്‌ പറക്കുന്നുണ്ട്‌. സ്വര്‍ണ്ണമത്സ്യങ്ങളുടെ കണ്ണുകള്‍ കൊത്തിതിന്നാനെത്തിയ ഈച്ചകളെ അയാള്‍ ഉച്ചത്തില്‍ തെറി പറഞ്ഞുകൊണ്ടിരുന്നു. തിര കാലുകളെ സ്‌പര്‍ശിച്ചപ്പോള്‍ അബൂട്ടിക്ക്‌ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആശ്വാസം അനുഭവപ്പെട്ടു. ശരീരത്തില്‍ ചെതുമ്പലുകള്‍ മുളക്കുന്നത്‌ പോലെ അയാള്‍ക്ക്‌ തോന്നി. കടലിലൂടെ ഒഴുകി നടക്കാന്‍ അയാള്‍ തയ്യാറെടുത്തു. ആര്‍ക്കും വേണ്ടാത്ത മീനുകളെ മകളോട്‌ തിരിച്ചെടുക്കാന്‍ പറഞ്ഞ്‌ അയാള്‍ മീന്‍കൊട്ട കടലിലേക്ക്‌ വലിച്ചെറിഞ്ഞു.
കടലിനടിയിലെ കൊട്ടാരത്തില്‍ നിന്നും വയസ്സനായ ദൈവത്തിന്റെ കൈകള്‍ തനിക്ക്‌ നേരെ നീളുന്നത്‌ കണ്ട അബൂട്ടി തിരകള്‍ക്ക്‌ മുകളിലൂടെ നടന്നു. അയാളുടെ ശരീരം ഗുല്‍മോഹര്‍ പോലെ പൂത്തുലഞ്ഞു. ബോധോദയം ലഭിച്ച അബൂട്ടി തന്റെ ജനതയെ മാലിന്യങ്ങളില്‍ നിന്നും കരകയറ്റാനും അവര്‍ക്ക്‌ പാലും തേനും ഒഴുകുന്ന സ്വര്‍ഗരാജ്യം നല്‍കണെമന്നും ദൈവത്തോട്‌ ആവശ്യപ്പെട്ടു.ദൈവത്തിന്റ അനുഗ്രഹം അബൂട്ടിയുടെ ജനതയ്‌ക്ക്‌ മേല്‍ വര്‍ഷിക്കപ്പെട്ടു. തിരമാലകള്‍ തുറയെ ശുദ്ധീകരിച്ചു. അബൂട്ടിയുടെ ജനത പവിഴപ്പുറ്റുകളില്‍ മെത്തയൊരുക്കി രതിലീലകളില്‍ ഏര്‍പ്പെട്ടു. ചിപ്പിക്കുള്ളില്‍ ഹൃദയം അഴുക്കാകാതെ അവര്‍ സൂക്ഷിച്ചു. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും നഗ്നത മത്സ്യങ്ങള്‍ ചുംബിച്ചു പവിത്രമാക്കി. അരയ്‌ക്ക്‌ താഴെ ചെതുമ്പലുകള്‍ മുളച്ച്‌ പൊന്തി അവര്‍ കടല്‍ ജീവികളായി രൂപാന്തരപ്പെട്ടു. നൂറ്റാണ്ടുകളോളം കടലിനടിയിലെ പറുദീസയില്‍ സസുഖം വാണു. ഒരിക്കല്‍ മനുഷ്യജന്മത്തിന്‌ വേണ്ടിയുള്ള അടക്കാനാവാത്ത ആഗ്രഹത്താല്‍ ഒരുവന്‍ തിരിച്ചറിവിന്റെ കനി ഭക്ഷിച്ചു. അന്നേ ദിവസം കടല്‍ ഉള്‍വലിഞ്ഞു. അവിടെ ഒരു വലിയ കുന്നുണ്ടായി മനുഷ്യജന്മത്തിന്റെ പഴം കഴിച്ചവനും അവന്റെ തോഴിയും അവരുടെ സന്തതി പരമ്പരകളും അവിടെ ജനിച്ച്‌ ജീവിച്ച്‌ മരിച്ചു പോയി.
ചരിത്രം ആ കുന്നിനെ അയ്‌ലക്കുന്നെന്നും അവിടത്തെ കുളത്തിനെ അയ്‌ലക്കുളമെന്നും രേഖപ്പെടുത്തി.
************
സൂര്യനുദിക്കുമുന്‍പ്‌ കുളത്തില്‍ മുങ്ങാം കുഴിയിടുന്നവര്‍ അയ്‌ലകളെ കണ്ടു മുട്ടാറുണ്ട്‌. അവ കടലിന്റെ ആഴമന്വേഷിച്ച്‌ ഇപ്പോഴും കുളത്തില്‍ അലഞ്ഞ്‌ നടക്കുന്നു. അവയില്‍ ഇനി സ്‌മൃതിയുടെ ദുഖവും ഘനീഭവിച്ചതായി   കണ്ട്‌ ശ്വാസം മുട്ടുമ്പോഴാണ്‌ ആളുകള്‍ മുങ്ങി നിവരാറുള്ളത്‌. മുതിര്‍ന്നവര്‍ക്കൊപ്പം കുളിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക്‌ കുളകരയില്‍ നിന്ന അപൂര്‍വ്വമായി കക്കതോചുകള്‍ കിട്ടാറുണ്ട്‌. അവ ചെവിയോടു ചേര്‍ത്തുവെയ്‌ക്കുമ്പോള്‍ ഉള്ളിലൊളുപ്പിച്ചുവെച്ച കടലിരമ്പം കേട്ട്‌ കുട്ടികള്‍ അല്‍ഭുതപ്പെടും. സമുദ്രത്തിന്റെ അടിത്തട്ടുകളെ കുറിച്ച്‌ പവിഴപ്പുറ്റിനകത്തെ ദൈവത്തിന്റെ കൊട്ടാരത്തെ കുറിച്ച്‌ അവ കുട്ടികളോട്‌ വാ തോരാതെ സംസാരിക്കും.
മീന്‍കാരന്‍ അബൂട്ടിയുടെ കഥയും അയ്‌ലക്കുന്നിന്റെ ജനനരഹസ്യവും കുട്ടികളറിഞ്ഞത്‌ കക്കത്തോടുകള്‍ പറഞ്ഞ കഥ കേട്ടാണ്‌. അയ്‌ലക്കുന്നിന്റെ ഉച്ചിയില്‍ നിന്നാല്‍ കുന്നിന്റെ കാലില്‍ കടല്‍ വന്ന്‌ തലോടുന്നത്‌ കാണാം എന്ന്‌ കക്കത്തോടുകള്‍ പറയുന്നത്‌ കേട്ട്‌ കുട്ടികള്‍ കുന്നിന്റെ മണ്ടയിലേക്ക്‌ ഓടിക്കയറാറുണ്ട്‌. ഞാനും ഒരുപാട്‌ പ്രാവശ്യം അങ്ങനെ ഓടിക്കയറിയിട്ടുണ്ട്‌.
end
സമര്‍പ്പണം : കണ്ണൂരിലെ പെട്ടിപ്പാലം നിവാസികള്‍ക്ക്‌, എന്റെ അയ്‌ലക്കുന്നിന്‌, എനിക്ക്‌ ഈ കഥ പറഞ്ഞ്‌ തന്ന കക്കത്തോടിന്‌........................... 

1 comment:

  1. അബൂട്ടിയുടെ ജനത പവിഴപ്പുറ്റുകളില്‍ മെത്തയൊരുക്കി രതിലീലകളില്‍ ഏര്‍പ്പെട്ടു. ചിപ്പിക്കുള്ളില്‍ ഹൃദയം അഴുക്കാകാതെ അവര്‍ സൂക്ഷിച്ചു. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും നഗ്നത മത്സ്യങ്ങള്‍ ചുംബിച്ചു പവിത്രമാക്കി. അരയ്‌ക്ക്‌ താഴെ ചെതുമ്പലുകള്‍ മുളച്ച്‌ പൊന്തി അവര്‍ കടല്‍ ജീവികളായി രൂപാന്തരപ്പെട്ടു.

    ReplyDelete