Friday 20 January 2012

മഴ



പ്രണയത്തിന്റെ   ഭിക്ഷാപാത്രം
ഞാന്‍ നിനക്ക് നേരെ നീട്ടിയപ്പോള്‍
നീ തന്ന അവഗണയുടെ ചില്ലറത്തുട്ട്
എന്റെ ശവകുടീരത്തില്‍
മറവ് ചെയ്യാന്‍ ഒസ്യത്ത്
എഴുതി വെച്ചിട്ടുണ്ട്.
തെണ്ടികളുടെ മരണം
ശവക്കുഴിപോലുമില്ലാത്തവരാണെന്ന
തിരിച്ചറിവാണ് നല്‍കുന്നത്
ഞാന്‍ യാത്രയാകുമ്പോള്‍
നീ കരയരുത്.
മണ്ണില്‍ മഴത്തുള്ളികള്‍
പതിക്കുമ്പോള്‍ എനിക്ക് വേദനിക്കും,
മഴ നിന്റെ കണ്ണീരാണെന്ന്
മരിച്ചെങ്കിലും എനിക്ക് അറിയാം.

Tuesday 17 January 2012

തെരുവ് നായയും അല്‍സേഷ്യന്‍ പട്ടിയും

ബാദുഷ സുന്ദരനായ തെരുവ് നായയാണ്. മറ്റെല്ലാ തെരുവ് നായക്കളുടെയും പോലെ ചില്ലറ അലവലാതിത്തരമൊക്കെ കയ്യിലുള്ളവനാണ് ബാദുഷയും. തടിച്ച് വളഞ്ഞ വാലും കൂര്‍ത്ത പല്ലുകളും ചുവന്ന് കലങ്ങിയ കണ്ണുകളും അവനിലെ സൗന്ദര്യത്തെ ജ്വലിപ്പിച്ചു നിറുത്തി. നഗരത്തിലെ പണച്ചാക്കുകള്‍ മാത്രം താമസിക്കുന്ന മോഡേണ്‍ വില്ലയുടെ കിഴക്കുള്ള ചേരിയിലാണ് ബാദുഷയുടെ താമസം. തെരുവ് നായക്കളുടെയും തെണ്ടികളുടെയും ഹൗസിങ്ങ് കോളനിയായ ആ ചേരിയിലെ കിരീടം വെക്കാത്ത രാജാവാണ് നമ്മുടെ കഥാനായകനായ ബാദുഷ. അവനെ നോക്കി കടക്കണ്ണെറിയാത്ത കൊടിച്ചി പട്ടികള്‍ ചേരിയില്‍കുറവാണ്. കണ്ണടിച്ച് കാണിക്കുന്നവരെ ഒരിക്കലും ബാദുഷ നിരാശരാക്കാറില്ല. അവന്‍ അവിടുത്തെ ഒരുവിത്തുകാളയാണെന്നത് പരസ്യമായ  ഒരു രഹസ്യമാണ് കേട്ടോ
ബാദുഷ പതിവായി കിടക്കാറുള്ളത് കള്ളന്‍ കുമാരന്റെ ഇറയത്താണ്. കുമാരന്റെ വീടിന് തൊട്ടുമുന്‍പിലാണ് ലോട്ടറി ഗോപാലന്റെ വീട്. പകല് മുഴുവന്‍ ലോട്ടറി വില്‍ക്കുകയും, രാത്രി തെരഞ്ഞെടുത്ത വീടുകളില്‍ കള്ളന്‍ കുമാരനൊപ്പം കവര്‍ച്ച നടത്തുന്നതുമാണ് ഗോപാലന്റെ തൊഴില്‍. ഗോപാലന്റെ ഇറയത്താണ് ചേരിയിലെ പട്ടി റാണി ശാന്തയുടെ കിടപ്പ്. ശാന്തയുടെ ചന്തിയില്‍ നോട്ടമിടാത്ത നായിന്റെ മക്കള്‍ ചേരിയില്‍ ഇല്ലെന്ന് പറയാം. അവളുടെ തുടുത്ത് വളഞ്ഞ രോമാവൃതമായ വാലില്‍ ചുംബിക്കാന്‍ പല പുരുഷകേസരികളും ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട് എന്നതാണ് ചരിത്രം. ചേരിയിലെ സകല നായിന്റെ മക്കളുടെയും ഉറക്കം കെടുത്തുന്ന ശാന്തയുടെ ഉറക്കം സ്ഥിരമായി കെടുത്താനുള്ള യോഗം ബാദുഷയ്ക്ക് മാത്രമേ ഉണ്ടായിട്ടുള്ളു.
കന്നി മാസം ആയതുകൊണ്ട് ശാന്തയോടൊപ്പം ഒന്ന് കിടക്കണം എന്നു കരുതി നേരത്തെ ചേരിയിലേക്ക് വെച്ച് പിടിച്ചതാണ് ബാദുഷ. മോഡേണ്‍ വില്ലയുടെ പരിസരത്ത് നല്ല എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടുമെന്ന് കണാരന്‍ നായ പറഞ്ഞത് കൊണ്ട് പോയതാണ്. അവന്‍ പറഞ്ഞത് ശരിയായിരുന്നു. നല്ല മുഴുത്ത എല്ലിന്‍ കഷ്ണങ്ങള്‍ വയറ് നിറച്ച് കഴിക്കാന്‍ പറ്റി. എല്ലില്‍ പറ്റിപിടിച്ച ഇറച്ചിയുടെ സ്വാദ് നാവില്‍ നിന്നും വിട്ട് പോയിട്ടില്ല എന്നത് ബാദുഷയെ ഉന്മേഷവാനാക്കി. നല്ല ഭക്ഷണം നല്‍കിയ ഉത്തേജനം ശാന്തയുടെ ദേഹത്ത് തീര്‍ക്കാന്‍ തീര്‍ക്കാന്‍ തിടുക്കപ്പെട്ട് പോകുമ്പോളാണ് അവന്‍ മാളൂട്ടിയെ കാണുന്നത്. ശരീരം മുഴുവന്‍ ചെമ്പന്‍ രോമങ്ങളുള്ള അല്‍സേഷ്യന്‍ പട്ടിയുടെ നയനങ്ങള്‍ തെരുവ് നായയെ വലിച്ചടുപ്പിച്ചു. സായാഹ്നത്തിലെ സൂര്യവെളിച്ചം അവളുടെ രോമങ്ങളില്‍ തട്ടി പ്രതിഫലിച്ചു. ബാദുഷ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവന്റെ നോട്ടം അവള്‍ക്ക് പിടിക്കാഞ്ഞിട്ടോ എന്തോ, അവള്‍ പെട്ടന്ന് തല വെട്ടിച്ചു. സരസ്വതി നിലയത്തിലെ കൊച്ചമ്മയുടെ പെറ്റായ തന്നെ ഒരു തെരുവ് നായ നോക്കുന്നതിലെ വൈരുദ്ധ്യം അവളെ ശുണ്ഠി പിടിപ്പിച്ചിരിക്കണം. യജമാനത്തിയുടെ മടിയില്‍ നിന്നും ചാടിയിറങ്ങി മൂരി നിവര്‍ത്തിയ മാളൂട്ടി ബാദുഷയെ നോക്കി കുരച്ചു. ഗൈറ്റിന്റെ അഴികള്‍ക്കിടയിലൂടെ മാളൂട്ടിയുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരുന്ന ബാദുഷ ആ കുര കേട്ട് ഞെട്ടി തരിച്ചു. ആദ്യമായിട്ടാണ് ഒരു പട്ടീടെമോള്‍ തന്നെ നോക്കി കുരക്കുന്നതെന്ന് അവന്‍ ഓര്‍ത്തു. തന്നെ ഗൗനിക്കാതെ അകത്തേക്ക് പോയ മാളൂട്ടിയെ നോക്കി ഗൈറ്റിന് വെളിയില്‍ നിന്ന് ബാദുഷ ഒരു പ്രണയഗാനം ആലപിച്ചു, ബൗ......ബൗ...........ബൗ....................
                                          *******
ഇന്ന് നേരത്തെ എത്താം എന്ന് പറഞ്ഞ് പോയ ബാദുഷയെ കാണാഞ്ഞ് ശാന്തയാകെ അസ്വസ്ഥയായി. വാലും പൊക്കി പിടിച്ച് അവള്‍ തെക്ക് വടക്ക് നടന്നു. സമയം ഒച്ചിനെ പോലെ ഇഴയുന്നതായി അവള്‍ക്ക് തോന്നി. രാത്രിയുടെ ഏതോ യാമത്തില്‍ ഏറ് കൊണ്ട കിഴവന്‍ നായയെ പോലെ തല താഴ്ത്തി കൊണ്ട് ബാദുഷ എത്തി. ശാന്ത അവനെ നോക്കി പ്രേമപരവശയായി വാലാട്ടി. നിലാവെളിച്ചത്തില്‍ അവളുടെ വാല് സ്വര്‍ണ്ണം പോലെ തിളങ്ങി. അവള്‍ അവനെ നോക്കി മധുരമായൊന്ന് കുരച്ചു. അവന്‍ അവളെ കണ്ടില്ലെന്ന് നടിച്ചു. അവളുടെ മധുരഗീതം കേള്‍ക്കാന്‍ നില്‍ക്കാതെ ബാദുഷ കുമാരന്റെ ഇറയത്ത് ചുരുണ്ട് കൂടി. ചന്ദ്രനെ കാര്‍മേഘം വന്ന് മൂടി. നിലാവ് അസ്തമിച്ചപ്പോള്‍ ആകാശം കരയാന്‍ തുടങ്ങി. ചാഞ്ഞ് പതിക്കുന്ന രാത്രി മഴയെ നോക്കി ശാന്ത ഓരിയിട്ടു.

  *******
കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും ബാദുഷയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവന്‍ രാത്രിമഴയുടെ പാട്ട് ഏറ്റുപാടി, ബൗ.........ബൗ..............ബൗ................. ആകാശത്ത് നിന്നും ഉതിര്‍ന്ന് വീഴുന്ന ഓരോ മഴത്തുള്ളിയിലും അവന്‍ മാളൂട്ടിയുടെ മുഖം കണ്ടു. ശാന്തയുടെ ചന്തിയേക്കാള്‍ ഭംഗിയുള്ള ചന്തിയില്‍ ഒരു മുത്തം കൊടുക്കാന്‍ അവന്‍ ആഗ്രഹിച്ചു. തെരുവ് നായയുടെ സ്വപ്നങ്ങളങ്ങനെ അതിരുകളില്ലാതെ സഞ്ചരിച്ചു. നേരം വെളുക്കുന്നതിന് മുന്നെ ബാദുഷ ചേരി വിട്ടിറങ്ങി. അവന്റെ മനസ്സ് മുഴുവന്‍ മാളൂട്ടിയായിരുന്നു. അപ്പോഴും ചാറിക്കൊണ്ടിരിക്കുന്ന മഴ ബാദുഷയുടെ ചെവിയില്‍ ഒരു പ്രണയഗാനം ആലപിച്ചു. മഴപ്പാട്ട് അവനിലെ കാമുകനെ ഉണര്‍ത്തി. അവന്‍ പതിയെ സരസ്വതി നിലയം ലക്ഷ്യമാക്കി നടന്നു.
ബാദുഷയുടെ ചുണ്ടില്‍ ഒരു ഗസലിന്റെ ഈരടി തത്തി കളിച്ചു, ബൗ..........ബൗ...........ബൗ...............ബൗ........
അവന്റെ പാട്ട് കാറ്റ് കൊണ്ട് പോയി മാളൂട്ടിയുടെ കാതില്‍ ഈണത്തോടെ പാടി കേള്‍പ്പിച്ചു. അവന്‍ സരസ്വതി നിലയത്തിന്റെ മുമ്പില്‍ നിന്ന് പ്രണയഗാനം ആലപിച്ച് കൊണ്ടിരുന്നു. മഴക്കൊപ്പം ബാദുഷയുടെ ഗസലിന്റെ താളവും പെയ്‌തൊഴിഞ്ഞു. അന്തരീക്ഷത്തില്‍ നിശബ്ദത തളം കെട്ടി. നിരാശനായി ബാദുഷ തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. സങ്കടം കവിളിലൂടെ ഒലിച്ചിറങ്ങി. നടക്കുന്നതിനിടയില്‍ അവന്‍ ഒരിക്കല്‍ കൂടി ഓരിയിട്ടു. ഇത്തവണ അവന്റെ ഗസലിനൊപ്പം മാളൂട്ടിയും പാടി, ബൗ.........ബൗ.......ബൗ........ബൗ......... ബാദുഷ സര്‍വ്വശക്തിയുമെടുത്ത് തിരിഞ്ഞോടി. അവന്‍ സരസ്വതി നിലയത്തിന്റെ മതിലെടുത്ത് ചാടി.
*****
ബാദുഷ മാളൂട്ടിയുടെ കണ്ണുകളില്‍ നോക്കി. കന്നി മാസത്തില്‍ കൊടിച്ചി പട്ടികളുടെ കണ്ണില്‍ കാണാറുള്ള കാമമല്ല മറ്റെന്തോ ആണ് അവളുടെ കണ്ണുകളിലെന്ന് അവന് തോന്നി. അവളുടെ മിഴികളില്‍ തീവ്രതയോടെ തിളങ്ങുന്ന ഈ വികാരത്തെയാണോ പ്രണയം എന്ന് വിളിക്കുക, അവന് അറിയില്ലായിരുന്നു. പക്ഷെ, ആദ്യമായി അവളെ ദൂരെ നിന്ന് കണ്ടപ്പോഴും നയനങ്ങളില്‍ തിളങ്ങിയത് ഈയൊരു വികാരം തന്നെയാണെന്ന് അവനുറപ്പുണ്ട്. മാളൂട്ടി പതിയെ തന്റെ വാലാട്ടി, അവള്‍ വാലു കൊണ്ട് അവനെ തലോടി. അവന്‍ അവളുടെ പൃഷ്ഠത്തില്‍ തുരുതുരാ ചുംബിച്ചു. മഴ വീണ്ടും ചാറാന്‍ തുടങ്ങി.സൂര്യനുദിച്ചിട്ടും ബാദുഷയും മാളൂട്ടിയും ഉണര്‍ന്നില്ല. പരസ്പരം അറിഞ്ഞതിലുള്ള ആനന്ദം അവരെ എഴുന്നേല്‍ക്കാന്‍ അനുവദിച്ചില്ല. ഇന്നലെ പെയ്ത മഴയുടെ തണുപ്പ് വിട്ടുമാറാത്തത് കൊണ്ട് അവള്‍ അവനോട് ചേര്‍ന്ന് കിടന്ന് മുരണ്ടു.

നേരം വെളുത്തപ്പോള്‍ ഹസ്‌ബെന്റിനുള്ള ബെഡ്‌കോഫി പോലും കൊടുക്കാതെ മാളൂട്ടിക്കുള്ള പാലുമായെത്തിയ സരസ്വതിയമ്മ മാളൂട്ടിയുടെ കൂടെ ഒരു തെരുവ് നായ കിടക്കുന്നത് കണ്ട് ഞെട്ടിത്തെറിച്ചു. തന്റെ മാളു ഒരു തെരുവ് നായക്കൊപ്പം കിടക്കുന്നത് കണ്ട അവര്‍ക്ക് കലി കയറി. കയ്യില്‍ കിട്ടിയ മുട്ടന്‍ വടി കൊണ്ട് അവര്‍ ബാദുഷയെ പൊതിരെ തല്ലി. ഞെട്ടിയുണര്‍ന്ന അവന്‍ മോങ്ങിക്കൊണ്ട് ഓടി. ബാദുഷയുടെ മോങ്ങലും സരസ്വതിയമ്മയുടെ ശകാരവും കേട്ടുണര്‍ന്ന മാളൂട്ടി പരിഭ്രമിച്ച് കൊണ്ട് ചുറ്റും നോക്കി. അവള്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ബാദുഷയുടെ മോങ്ങല്‍ ഒരു മുഴക്കത്തോടെ കുറേ നേരം കാതില്‍ തങ്ങി നിന്നു.
വിവരങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞെത്തിയ കാവല്‍ നായകള്‍ തെരുവ് നായകളുടെ വിശുദ്ധ പ്രണയ-യുദ്ധത്തെ കുറിച്ച് മുരണ്ടു കൊണ്ടിരുന്നു.
                                            End
                            

 

Monday 16 January 2012

ദൈവത്തോട്

ഭൂഗോളങ്ങളെ കൈവെള്ളയിലിട്ട്
അമ്മാനമാടുന്ന
സ്വര്‍ഗ നരകങ്ങളുടെ അധിപാ,
ഈ അടിമയുടെ ആഗ്രഹത്തെ
നടത്തി തന്നാലും
നിനക്ക് അസാദ്ധ്യമായത്
ഒന്നുമില്ലെന്നിരിക്കെ
ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നത്
സ്വര്‍ഗത്തിലെ സിംഹാസനമൊ
മണ്ണിലെ പെരുമയൊ അല്ല.
എന്റെ കരംപിടിച്ച്
അവള്‍ ഉണ്ടാകണമെന്ന് മാത്രമാണ്.
ഹേ ദൈവമേ,
എന്റെ മോഷ്ടിക്കപ്പെട്ട ഹൃദയം
തിരികെ തരാന്‍ അവളോട് പറഞ്ഞാലും.
നിന്റെ സ്വര്‍ഗം എനിക്ക് വേണ്ട,
നിന്റെ അത്ഭുതങ്ങളായ കെട്ടുകഥകളില്‍
ഒരു വലക്കണ്ണിയാകണം ഞാനെങ്കില്‍
അവളെ എന്റെ അരിക് ചേര്‍ത്തി
നടത്തിക്കുക..........................

Thursday 12 January 2012

പനി

പനിച്ചൂടില്‍ വെറുങ്ങലിച്ച്‌
പുതപ്പിനുള്ളില്‍ ചുരുണ്ട്‌
കൂടുമ്പോള്‍ നനച്ചിട്ട
ശീലത്തുണി പോലെ
നിന്റെ ചുംബനം
എന്നെ തണുപ്പിക്കുമെന്ന്‌
ഞാന്‍ പിച്ചും പേയും പറയുന്നുണ്ട്‌.
നിന്റെ സ്വരം പൂക്കളെ ഓര്‍മ്മിപ്പിക്കുന്നു,
മരണത്തിന്റെ പനിയകറ്റുന്ന
പൂവിളിയുമായി
നീ എന്റെ കിടക്കയ്‌ക്കരികിലുണ്ട്‌.
നിന്റെ കണ്ണുകളിലെ ചൂട്‌
നീ മൗനമായി പകര്‍ന്നു തന്നിട്ടാണ്‌
എനിക്ക്‌ പനിപിടിച്ചതെന്ന്‌
നീ അറിഞ്ഞോ എന്നെനിക്കറിയില്ല.
നിന്റെ വിരലുകള്‍
പ്രണയപൂര്‍വ്വം നെഞ്ചിലൂടെ
ഓടിനടന്നാല്‍ പനി മാറുമെന്ന്‌
ഞാന്‍ പനിക്കിനാവ്‌ കാണുന്നുണ്ട്‌.